നിപാ രോഗബാധ സംബന്ധിച്ച എല്ലാ പരിശോധാ ഫലങ്ങളും നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്നിപാ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ആറു പേരുടെ സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ 74 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. കഴിഞ്ഞ ദിവസം പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 267 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്, ഇതില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലായിരിക്കും, 90 പേര്‍ സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയിലും. പ്രൈമറി പട്ടികയില്‍ ഉള്ള 134 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ടവരാണ്. രോഗലക്ഷണങ്ങളുള്ള രണ്ടുപേരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതുവരെ നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ തുടരുന്നു. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരെ മാനസികമായും പിന്തുണയ്ക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇന്നലെ മാത്രം 274 പേര്‍ക്ക് കോള്‍ സെന്ററിലൂടെ മാനസിക പിന്തുണ നല്‍കുകയും ചെയ്തു. വൈകുന്നേരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മറ്റ് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.