തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില് വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് ഈ അധ്യയനവർഷം 4,000ത്തിലേറെ അധ്യാപക തസ്തികകൾ ഇല്ലാതാകുമെന്ന് മുന്നറിയിപ്പ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അധ്യയനവർഷാരംഭത്തിലെ ആറാം പ്രവൃത്തിദിനത്തിൽ കുട്ടികളുടെ കണക്കെടുപ്പ് നടത്തിയപ്പോള് മുൻവർഷത്തെക്കാൾ 1.25 ലക്ഷത്തിലേറെ കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തസ്തിക നിർണയ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വിദ്യാഭ്യാസവകുപ്പ് കണക്കുകൾ അനുസരിച്ച്, ഈ വർഷം ഒന്നുമുതൽ 10-ാം ക്ലാസ് വരെ 3,400 ഡിവിഷനുകൾ ഇല്ലാതാകും.
സർക്കാർ പ്രൈമറി സ്കൂളുകളിൽ മാത്രം 715 തസ്തികകൾ നഷ്ടപ്പെടും. ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപകരെ പ്രത്യേകമായി നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചുള്ള ഡിവിഷൻ നിർണയം പുരോഗമിക്കുന്നു. അതിനാൽ, അന്തിമ റിപ്പോർട്ടിന്റെ ഭാഗമായി കുട്ടികളുടെ എണ്ണത്തിലും അധ്യാപക തസ്തികകളിലും വ്യത്യാസം വരാനിടയുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ വ്യക്തമാക്കി.
ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 7,163 പേരുടെ കുറവാണുള്ളത്. 2023-24-ൽ 2,58,149 കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിൽ ചേർന്നപ്പോൾ, ഈ വർഷം ഇത് 2,50,986 പേർക്ക് കുറഞ്ഞു.
രണ്ടുമുതലുള്ള ക്ലാസുകളിൽ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണവും കുറയുകയും പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാൾ കുറയുകയും ചെയ്തിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ മറ്റസ്കൂളുകളിലേക്ക് പുനർവിന്യാസം ചെയ്യാമെങ്കിലും സർക്കാർ സ്കൂളുകളിൽ തസ്തിക നഷ്ടപ്പെടുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത ഉണ്ടായിരിക്കും.
സർക്കാർ സ്കൂളുകളിൽ 2023-24 അദ്ധ്യയനവർഷം ഒന്നുമുതൽ 10-ാം ക്ലാസ് വരെ 12.23 ലക്ഷം കുട്ടികളുണ്ടായപ്പോൾ, ഈ വർഷം ഇത് 11.60 ലക്ഷമായി കുറഞ്ഞു. എയ്ഡഡ് സ്കൂളുകളിൽ 21.81 ലക്ഷമായിരുന്നത് 21.27 ലക്ഷമായി കുറഞ്ഞു. എയ്ഡഡ് സ്കൂളുകളെ അപേക്ഷിച്ച് സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറയുമ്പോൾ, ആനുപാതികമായി അധ്യാപക തസ്തികകളിലും വലിയ നഷ്ടമുണ്ടാകും, ഇത് സർക്കാരിന്റെ ബാധ്യതയും കൂട്ടും.