പട്ടികവര്‍ഗ്ഗ മേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കാന്‍ കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുന്നു

പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സഹകരണത്തോടെ ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് ഗുണമേന്മ മെച്ചപ്പെടുത്താന്‍ നൂതന കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിന് ജില്ലാതല യോഗം ചേര്‍ന്നു.

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയല്‍, ഹാജരില്ലായ്മ, മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതിക്കല്‍, പഠനപരിപോഷണ പദ്ധതികളാണ് കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തുന്നത്. കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയം എന്റെ കൂടെ ഇടമാണെന്ന് തോന്നിപ്പിക്കും വിധമാകണമെന്ന് ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു ടി.സിദ്ദിഖ് എം.എല്‍.എ. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ കൂട്ടായ്മയോടെ ഉന്നതികള്‍ സന്ദര്‍ശിച്ച് ഉത്തരവാദിത്വത്തോടെ കുട്ടികളെ സ്‌കൂളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസൃതമായ പഠന കോഴ്‌സുകള്‍ ഉറപ്പാക്കാന്‍ കഴിയണം. വിദ്യാര്‍ഥിയും സ്‌കൂളുകളിലെത്തിയില്ലെങ്കില്‍ ബന്ധപ്പെട്ട വാര്‍ഡ് അംഗങ്ങള്‍, പ്രമോട്ടര്‍മാര്‍, അധ്യാപകര്‍ കൃത്യമായ നിരീക്ഷണം നടത്തി ആവശ്യമായ ഇടപെടല്‍ ഉണ്ടാവണമെന്നും എം.എല്‍.എ പറഞ്ഞു. സ്‌കൂളുകളില്‍ കായിക വിദ്യാഭ്യാസം ശക്തമാക്കണം. ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് കുട്ടി പഠിക്കുന്ന സ്‌കൂളിലേക്ക് വിദ്യാവാഹിനി സൗകര്യം ഉറപ്പാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പി.ടി.എ, മദര്‍ പി.ടി.എ, എസ്.എം.സി കമ്മിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. അടുത്ത അധ്യയന വര്‍ഷത്തില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നൂറ് ശതമാനം ഉറപ്പാക്കല്‍, ഗ്രേഡ് വര്‍ദ്ധിപ്പിക്കല്‍, വിദ്യാഭ്യാസ ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ മേഖലയില്‍ ഇടപെടല്‍ നടത്തും. കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹ്രസ്വകാല-ദീര്‍ഘകാലടിസ്ഥാനത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. വിദ്യാര്‍ഥികളുടെ ഹാജര്‍ നില കുറയുന്നത് സംബന്ധിച്ച് കൃത്യമായി പഠനം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കലാ-സാംസ്‌കാരിക-കായിക മേഖലയില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കി കുട്ടികള്‍ക്ക് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. ഓരോ കുട്ടികളും എത്തിപ്പെടുന്ന സാഹചര്യം വിവിധങ്ങളാണെന്നും കുട്ടികളുടെ സാമൂഹിക- സാംസ്‌കാരിക- സാമ്പത്തിക നിലകള്‍ മനസ്സിലാക്കി അധ്യാപകര്‍ ശ്രദ്ധ നല്‍കണം. സ്‌കൂളുകളിലെ കൊഴിഞ്ഞ് പോക്ക് തടയാന്‍ വിവിധ വകുപ്പുകള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ കൂട്ടായി പരിശ്രമിക്കണം. കല്‍പ്പറ്റ ഹരിതഗിരി ഹോട്ടലില്‍ നടന്ന ജില്ലാതല യോഗത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് സോഷല്‍ സര്‍വീസ് ഡിവിഷന്‍ അംഗം മിനി സുകുമാരന്‍ ഓണ്‍ലൈനായി അധ്യക്ഷയായി. ഐ.സി ബാലകൃഷ്ണ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചീഫ് സോഷല്‍ സര്‍വീസ് ഡിവിഷന്‍ ബിന്ദു പി വര്‍ഗീസ്, പൊതു വിദ്യാബ്യാസ വകുപ്പ് എ.ഡി.പി.എ സി.എ സന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ ശരചന്ദ്രന്‍, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version