തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി സ്‌കിൻ ബാങ്ക് തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരുമാസത്തിനകം പദ്ധതി നിലവില്‍ വരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലും സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്‌കിൻ ബാങ്ക് സംവിധാനം സ്ഥാപിക്കാന്‍ ആവശ്യമായ കെ സോട്ടോയുടെ അനുമതി ഉടൻ ലഭ്യമാക്കി തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പൊള്ളലേറ്റവർക്കും ത്വക്ക് കേടുപാട് നേരിട്ടവർക്കും ഈ സംവിധാനം വലിയ ആശ്വാസമാകും. സ്‌കിൻ ബാങ്കിലൂടെ ശേഖരിച്ച ത്വക്ക് സൂക്ഷിച്ച് പ്രിസർവ് ചെയ്യുകയും, ആവശ്യമുള്ള രോഗികള്‍ക്ക് വച്ചുപിടിപ്പിക്കുകയും ചെയ്യും. ഇത് അണുബാധ തടയാന്‍ മാത്രമല്ല, രോഗികളെ വൈരൂപ്യത്തില്‍ നിന്ന് രക്ഷിക്കാനും സഹായകമാകും. ത്വക്ക് ദാനം ചെയ്യുന്നതിനുള്ള അവബോധം സമൂഹത്തില്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.
ബേണ്‍സ് യൂണിറ്റുകളുടെ വികസനം
ബേണ്‍സ് ചികിത്സയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വിവിധ മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള ബേണ്‍സ് യൂണിറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതായും മറ്റ് ആശുപത്രികളില്‍ പുതിയ യൂണിറ്റുകള്‍ ആരംഭിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
തീവ്ര പരിചരണ സംവിധാനം
മെഡിക്കല്‍ കോളേജുകളിലെ ബേണ്‍സ് ഐസിയുവുകളിലൂടെ 20 ശതമാനത്തിനും അതില്‍ കൂടുതലും പൊള്ളലേറ്റവർക്കുള്ള തീവ്രപരിചരണം ഉറപ്പാക്കുന്നു. അണുബാധകള്‍ പരമാവധി കുറച്ച്, രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള സംവിധാനമാണ് ഇതിലൂടെ ഒരുക്കുന്നത്.
കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ പുതുമകള്‍ കൊണ്ടുവരികയും ചികിത്സാ മികവ് ഉറപ്പാക്കുകയുമാണ് ഇത്തരം പദ്ധതികള്‍ ലക്ഷ്യമിടുന്നത്.