മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടികൂടാൻ വനം വകുപ്പ് തിരച്ചിൽ ശക്തമാക്കി. മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളെയും കൂടുതൽ ആർആർടി സംഘങ്ങളെയും തിരച്ചിലിനായി വിന്യസിച്ചു. കടുവയെ കണ്ടെത്താനായി തെർമൽ ഡ്രോൺ ഉപയോഗവും തുടരും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘവും പ്രദേശത്ത് പ്രവർത്തനസജ്ജമായിട്ടുണ്ട്. കടുവയെ കുടുക്കാൻ ഇതിനോടകം കൂട് സ്ഥാപിച്ചിരിക്കുന്നതായി വനം വകുപ്പ് അറിയിച്ചു.
അതേസമയം, ആക്രമണത്തിൽ മരണപ്പെട്ട രാധയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 11 മണിക്ക് നടക്കും. മാനന്തവാടി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ ഇന്നലെ പൂർത്തിയാക്കിയിരുന്നു.
വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ മാനന്തവാടി മുൻസിപ്പാലിറ്റി പരിധിയിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ പ്രാബല്യത്തിൽ.
കഴിഞ്ഞ രാത്രി മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടുവെന്ന് നാട്ടുകാർ അറിയിച്ചതോടെ ആശങ്ക ഇരട്ടിയായി. സംഭവസ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം തിരച്ചിൽ നടത്തിവരികയാണ്.