ഡൽഹി: നാളത്തെ ബജറ്റിന് മുന്നോടിയായി ധനമന്ത്രി ഇന്ന് പാർലമെന്റിൽ സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.3 മുതൽ 6.8 ശതമാനം വരെ വളരുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. വിവിധ മേഖലകളിൽ സ്ഥിരതയുള്ള വളർച്ചയാണ് മുന്നോട്ടുള്ള വർഷത്തിനായി പ്രവചിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സാമ്പത്തിക സർവേ റിപ്പോർട്ടിൽ കാർഷികമേഖല മുതൽ വ്യാവസായികമേഖലവരെ ശക്തമായ വളർച്ച രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുസ്ഥിരത കൈവരിച്ചുവെന്നും, പണപ്പെരുപ്പം നിയന്ത്രണ വിധേയമായതായും സർവേ സൂചിപ്പിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 5.4 ശതമാനമായിരുന്ന റീട്ടെയിൽ പണപ്പെരുപ്പം 2024-25 ഏപ്രിൽ-ഡിസംബർ കാലയളവിൽ 4.9 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
സാമ്പത്തിക സർവേ, കഴിഞ്ഞ സാമ്പത്തിക വർഷത്തെ സമ്പദ് വ്യവസ്ഥയുടെ സമഗ്ര അവലോകനമാണ്. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ നേതൃത്വത്തിൽ ധനമന്ത്രാലയത്തിന്റെ സാമ്പത്തിക വിഭാഗം തയ്യാറാക്കുന്ന ഈ റിപ്പോർട്ട് പൊതുതെരഞ്ഞെടുപ്പിന് ശേഷം അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി വരുന്നു.
രാജ്യത്തെ വ്യാവസായിക മേഖല കോവിഡിന് മുൻപത്തേതിനേക്കാൾ മികച്ച നിലയിലാണ്, വരും വർഷങ്ങളിലും ഈ വളർച്ച തുടരുമെന്നാണ് പ്രവചനം. ഉപഭോക്തൃ വിലക്കയറ്റം 2026 ഓടെ 4 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് റിസർവ് ബാങ്കും ഇന്റർനാഷണൽ മോണിറ്ററി ഫണ്ടും ലക്ഷ്യമിടുന്നതെന്ന് സർവേ വ്യക്തമാക്കുന്നു.