സ്വന്തമായി വീട് ഇല്ലാത്തവർക്ക് വീടെടുക്കാൻ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടാലും നെൽവയൽ-തണ്ണീർത്തട പരിധിയിലായാലും, ഗ്രാമ പഞ്ചായത്തിൽ 10 സെൻ്റ്, നഗരത്തിൽ 5 സെൻ്റ് സ്ഥലമുണ്ടെങ്കിൽ അനുമതി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ടി.ഐ മധുസൂധനന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
അർഹതപ്പെട്ടവർക്ക് സമയബന്ധിതമായി അനുമതി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വീട് നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ടുള്ള കാലതാമസവും നിയമപരമായ തടസ്സങ്ങളും സാധാരണക്കാരനെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. 2016ൽ അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ കുടിയേറ്റക്കാർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുമായി നടപ്പിലാക്കിയ ലൈഫ് പദ്ധതി വഴി ഇതിനകം 4,27,000പേർക്ക് വീട് നൽകിയിട്ടുണ്ട്. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിർമ്മിക്കാനാവാതെ പ്രയാസപ്പെടുന്നവർക്ക് സർക്കാർ 2018-ൽ നെൽവയൽ-തണ്ണീർത്തട നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. ഈ ഭേദഗതി പ്രകാരം, ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത 10 സെൻ്റ് വരെയുള്ള ‘നിലം’ വിഭാഗത്തിൽ വരുന്ന ഭൂമിയിൽ 120 ചതുരശ്ര മീറ്റർ (1291.67 ചതുരശ്ര അടി) വിസ്തീർണ്ണത്തിൽ വീട് നിർമിക്കാൻ തരംമാറ്റം ആവശ്യമില്ല. അതേസമയം, 5 സെൻ്റ് വരെയുള്ള ഭൂമിയിൽ 40 ചതുരശ്ര മീറ്റർ (430.56 ച.അടി) വിസ്തീർണ്ണത്തിൽ വാണിജ്യ കെട്ടിടം നിർമ്മിക്കാനും തരംമാറ്റം ആവശ്യമില്ല. എന്നാൽ, ഈ ഇളവുകൾക്കുറിച്ച് ബോധ്യമില്ലാത്തവരും അനാവശ്യമായി റവന്യൂ വകുപ്പിനെ സമീപിക്കുന്നവരും ഇപ്പോഴും നിലനില്ക്കുന്നുണ്ട്. കൃഷി, തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇളവുകളുടെ പ്രയോജനം അർഹതപ്പെട്ടവരെ അറിയിക്കേണ്ടത് നിർബന്ധമാണെന്ന് സർക്കാർ നിർദേശിച്ചു. 2018-ലെ ഭേദഗതികൾ നടപ്പിലാക്കിയതിന്റെ ആനുകൂല്യം എല്ലാവർക്കും ലഭ്യമാക്കാനാണ് സർക്കാരിന്റെ ദൃഢനിശ്ചയം.