ഗ്രോത്ത് ഹോർമോൺ ചികിത്സയ്ക്ക് കെയര്‍ പദ്ധതിയിലൂടെ തുടക്കം!

തിരുവനന്തപുരം: അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്ക് പുതിയ തലത്തിലേക്ക് കടന്ന് സംസ്ഥാന സര്‍ക്കാര്‍. കെയര്‍ പദ്ധതിയുടെ ഭാഗമായി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്‌) ചികിത്സ സൗജന്യമായി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജന്മനായുള്ള വളര്‍ച്ചാ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. ലോക അപൂര്‍വ രോഗ ദിനത്തിന്റെ ഭാഗമായി ഇതു സംസ്ഥാനത്തെ ആരോഗ്യ പരിചരണ രംഗത്ത് മറ്റൊരു നിര്‍ണായക മുന്നേറ്റം കൂടിയാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഗ്രോത്ത് ഹോര്‍മോണ്‍ കുറവുള്ള 20 കുട്ടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്‌എടി ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ടര്‍ണര്‍ സിന്‍ഡ്രോം ബാധിച്ച 14 കുട്ടികളും ജിഎച്ച് കുറവുള്ള 6 കുട്ടികളും ക്യാമ്പിന്റെ ഭാഗമായി ചികിത്സ ആരംഭിച്ചു. മള്‍ട്ടി ഡിസിപ്ലിനറി വിദഗ്ധരുടെ നിരീക്ഷണത്തിലാണ് ജിഎച്ച് തെറാപ്പി നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു.

വളര്‍ച്ചയ്ക്കും ശാരീരിക വികാസത്തിനും പ്രധാനപ്പെട്ട ഹോര്‍മോണ്‍ ആണ് ഗ്രോത്ത് ഹോര്‍മോണ്‍. പിറ്റിയൂറ്ററി ഗ്രന്ഥിയില്‍ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്. കുട്ടികളുടെയും കൗമാരക്കാരുടെയും വളര്‍ച്ചയ്ക്ക് നിര്‍ണായകമായ ഈ ഹോര്‍മോണ്‍ കുറവായാല്‍ ശാരീരിക വൈകല്യങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കാം. പ്രാരംഭ ഘട്ടത്തില്‍ തന്നെ ശാസ്ത്രീയ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അപൂര്‍വ രോഗ ചികിത്സയ്ക്ക് പുതിയ സാധ്യതകള്‍ തേടി 2024 ഫെബ്രുവരിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കെയര്‍ പദ്ധതി ആരംഭിച്ചത്. എസ്‌.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗ പരിചരണത്തിന് സമര്‍പ്പിത സെന്റര്‍ ഓഫ് എക്‌സലന്‍സാക്കി ഉയര്‍ത്തുകയും ചെയ്തു. 2024ലാണ് ഇവിടെ എന്‍സൈം റീപ്ലൈസ്‌മെന്റ് തെറാപ്പിയും ആരംഭിച്ചത്. അതേസമയം, എസ്‌എംഎ രോഗബാധിതരായ 100 കുട്ടികള്‍ക്കായി കെയര്‍ പദ്ധതിയുടെ ഭാഗമായി വിലയേറിയ ചികിത്സ സംസ്ഥാനത്ത് നടപ്പിലാക്കുന്നു.

മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി എസ്‌.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു എസ്, പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. ബിന്ദു ജി.എസ്, വിദഗ്ധ ഡോക്ടർമാരായ ഡോ. ശങ്കര്‍ വിഎച്ച്, ഡോ. റിയാസ് ഐ, ഡോ. വിനിത എ.ഒ, നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ എന്നിവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version