വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുമോ? തീരുമാനം മൂന്ന് ആഴ്ചയ്ക്കകം!

വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യം മൂന്ന് ആഴ്ചയ്ക്കകം തീരുമാനിക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതിന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ ശിപാർശകളും പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. അതേസമയം, അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ജപ്തി നടപടികൾ നടക്കരുതെന്ന് സംസ്ഥാന സർക്കാരും ബാങ്കേഴ്‌സ് കമ്മിറ്റിയും ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

കേന്ദ്ര ഫണ്ടുപയോഗിച്ചുള്ള പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ 2026 ഫെബ്രുവരി 11 വരെ സമയം അനുവദിക്കണമെന്ന കേരള സർക്കാരിന്റെ അപേക്ഷ പരിഗണനയിലാണെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിഹിതമായ 1059 കോടി രൂപയുടെ 50% ഈ മാസം 31നകം വിനിയോഗിക്കണമെന്ന നിർദേശമുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. നടപ്പിലാക്കുന്ന ഏജൻസിക്ക് ഈ മാസം തന്നെ തുക കൈമാറാനാണ് ഉദ്ദേശിച്ചതെന്നും, എന്നാൽ എല്ലാ പദ്ധതികളും ഈ മാസത്തോടെ പൂർത്തിയാക്കാൻ കഴിയില്ലെന്നുള്ള വിലയിരുത്തൽ ഹൈക്കോടതി നടത്തിയതായും കേന്ദ്രം വിശദീകരിച്ചു.

വയനാട് പുനരധിവാസ നടപടികൾ സംബന്ധിച്ച ഹർജികൾ പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, മുള്ളപ്പള്ളി പുനരധിവാസ കേന്ദ്രം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ 21നകം വ്യക്തത വരുത്താൻ നിർദേശം നൽകി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവർ ബഞ്ചിൽ ഉണ്ടായിരുന്നു.

ദുരന്തബാധിതരുടെ ഗുണഭോക്തൃ പട്ടിക രണ്ടാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു

കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ഗുണഭോക്തൃ പട്ടികയുടെ രണ്ടാംഘട്ട കരട് 2 ബി പട്ടിക പ്രസിദ്ധീകരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 70 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വാർഡ് 10-ൽ 18 പേരും, വാർഡ് 11-ൽ 37 പേരും, വാർഡ് 12-ൽ 15 പേരുമാണുള്ളത്.

നോ ഗോ സോണിന് പുറത്ത് ഉള്ളതോ, അതിനോട് 50 മീറ്ററിനുള്ളിൽ പൂർണമായും ഒറ്റപ്പെട്ടവയോ ആയ വീടുകളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് പട്ടിക കളക്ടറേറ്റ്, മാനന്തവാടി റവന്യു ഡിവിഷൻ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റുകളിലും പരിശോധിക്കാം.

ഈ പട്ടികയുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും മാർച്ച് 13ന് വൈകുന്നേരം 5 മണിവരെ വൈത്തിരി താലൂക്ക് ഓഫീസ്, ജില്ലാ കളക്ടറുടെ ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും [email protected] എന്ന ഇമെയിലിലും നൽകാം.

ആക്ഷേപങ്ങൾ സബ് കളക്ടർ സ്ഥലപരിശോധന നടത്തി വിലയിരുത്തും. പിന്നീട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരാതികൾ ഉന്നയിച്ചവരെ നേരിൽ കണ്ട് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version