2009ലെ വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ഒന്നാം ക്ലാസ്സ് പ്രവേശനത്തിനായി കുട്ടികളെ പരീക്ഷയ്ക്ക് വിധേയമാക്കുകയോ ക്യാപ്പിറ്റേഷൻ ഫീസ് ഈടാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഈ നിയമത്തിലെ സെക്ഷൻ 13 (1) എ, ബി ക്ലോസുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ, ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിനെ അവഗണിച്ച് നിയമലംഘനം തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങളെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം ആറ് വയസാക്കി ഉയർത്താനുള്ള സാധ്യതയും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ കേരളത്തിൽ ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം അഞ്ച് വയസാണ്, എന്നാൽ ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച് കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി യഥാർത്ഥമായി സജ്ജമാകുന്നത് ആറാം വയസ്സിലാണ്. വികസിത രാജ്യങ്ങളിലുടനീളം ഈ പ്രായപരിധി ആറ് വയസോ അതിനുമുകളിലോ ആയിരിക്കുന്നതിനാൽ കേരളത്തിലും ഇതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നിലവിൽ 50% ശതമാനത്തിലധികം കുട്ടികൾ ആറാം വയസ്സിലാണ് ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടുന്നതെന്നും ഇത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2026-27 അക്കാദമിക വർഷം മുതൽ പ്രവേശന പ്രായം 6 വയസായി മാറ്റാൻ സാധിക്കുമെന്നാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പരീക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിരന്തര മൂല്യനിർണ്ണയം, ചോദ്യപേപ്പർ തയ്യാറാക്കൽ, അധ്യാപകർക്കായുള്ള പരിശീലനം, ചോദ്യബാങ്ക് നിർമ്മാണം എന്നിവയെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരീക്ഷാ പരിഷ്‌കരണം ഈ വർഷം തന്നെ നടപ്പാക്കും. പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃക എസ്.സി.ഇ.ആർ.ടി. തയ്യാറാക്കി ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.