വയനാട്ടിലേക്കുള്ള ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ മലബാർ പ്രദേശത്തിന്റെ ഗതാഗതഭാവിയെ മാറ്റിമറിക്കുന്ന വലിയ പദ്ധതിക്ക് തുടക്കമായി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെടുന്ന 8.11 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം രാജ്യത്തെ മൂന്നാമത്തെ വലിയതായിരിക്കും. നിർമാണം പൂർത്തിയായാൽ കോഴിക്കോട്–മൈസൂരു–ബംഗളൂരു ഇടയിലേക്കുള്ള യാത്രാ സമയം ഏറെ കുറയും.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മുതൽ തുടങ്ങിയുള്ള 6.6 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാത മറിപ്പുഴയിലേക്കാണ് വരുന്നത്. മറിപ്പുഴയിൽ ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 70 മീറ്റർ നീളത്തിൽ പാലവും ഉണ്ടാകും. അവിടെ നിന്ന് രണ്ട് കിലോമീറ്റർ കൂടി നീളുന്ന നാലുവരിപ്പാതയിലൂടെ സ്വർഗംകുന്നിലെത്തിയാണ് തുരങ്കം ആരംഭിക്കുന്നത്. അതിനു ശേഷം കള്ളാടിവരെ 8.11 കിലോമീറ്റർ നീളത്തിൽ തുരങ്കം നിർമ്മിക്കും. തുടർന്ന്, ഒമ്പത് കിലോമീറ്റർ ദൂരത്തിൽ സഞ്ചരിച്ചാൽ യാത്രക്കാരെ മേപ്പാടിയിലെത്തിക്കും. വെള്ളരിമലയും ചെമ്ബ്രമലയും തുരന്നാണ് തുരങ്കം സാക്ഷാത്മാവാകുന്നത്.
ആധുനിക ആസ്‌ട്രേലിയൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് തുരങ്കം നിർമ്മിക്കുന്നത്. സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി തുരങ്കത്തിൽ അഗ്നിരക്ഷാ സംവിധാനം, സി.സി.ടി.വി നിരീക്ഷണം, ബ്രേക്ക് ഡൗൺ വാഹനങ്ങൾ മാറ്റാനുള്ള ഇടങ്ങൾ, അപകടത്തിൽപ്പെട്ട വാഹനങ്ങൾ പുറത്തേക്കു കൊണ്ടുപോകുന്നതിനുള്ള സൗകര്യം, വായു മലിനീകരണ നിയന്ത്രണം എന്നിവയും ഉൾപ്പെടുത്തുന്നു.
പദ്ധതിയുടെ ആകെ ചെലവ് 2134 കോടി രൂപയാണ്. ഇതിൽ 1341 കോടി രൂപ തുരങ്ക നിർമാണത്തിനും 160 കോടി രൂപ അപ്രോച്ച് റോഡുകൾക്കുമായി ചെലവിടും. തുരങ്ക നിർമാണം കൊങ്കൺ റെയിൽവേ കോർപ്പറേഷനും ഫിനാൻസിങ് ഏജൻസി കിഫ്ബിയുമാണ്. ബിൽഡ്‌കോൺ ലിമിറ്റഡാണ് തുരങ്ക നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ളത്, അപ്രോച്ച് റോഡ് നിർമാണം റോയൽ ഇൻഫ്രാസ്ട്രക്ചറാണ് കൈകാര്യം ചെയ്യുന്നത്.