വയനാട്ടില്‍ മാതൃകാ ടൗണ്‍ഷിപ്പ് പദ്ധതി നടപ്പാക്കാന്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റിന് 22.25 കോടി രൂപയുടെ കുടിശിക സര്‍ക്കാരിനോടുണ്ടെന്ന് ഹൈക്കോടതിയെ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഇതിനു പുറമേ പലിശയും മറ്റ് സാമ്പത്തിക ബാധ്യതകളും ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.കോടതിയുടെ നിര്‍ദേശപ്രകാരം ഉപാധികളോടെ സര്‍ക്കാര്‍ കെട്ടിവച്ച 43.78 കോടി രൂപയില്‍ നിന്ന് ഭൂമിയുടെ നഷ്ടപരിഹാരമായി കുടിശിക പരിഗണിച്ച് കുറച്ച് ശേഷമുള്ള തുക മാത്രമേ എല്‍സ്റ്റണ്‍ പിന്‍വലിക്കാവൂവെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എല്‍സ്റ്റണ്‍ നല്‍കിയ ഉപഹര്‍ജിക്കുള്ള മറുപടിയിലാണ് സര്‍ക്കാരിന്റെ നിലപാട്.ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടുള്ള സിവില്‍ കോടതിയിലെ കേസില്‍ സര്‍ക്കാരിന് അനുകൂല വിധി വന്നാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കാനുള്ള ഗാരന്‍റിയും ഉറപ്പുവരുത്തണമെന്നുമാണ് സര്‍ക്കാരിന്റെ വാദം.ഇതേസമയം, നഷ്ടപരിഹാരത്തിന് അവകാശവാദം ഉന്നയിച്ച് തോരിയമ്പത്ത് നല്ലുളി പാര്‍വതി നേത്യാര്‍ സ്മാരക ട്രസ്റ്റ് നല്‍കിയ ഹര്‍ജിയും പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. കുടിശിക ഈടാക്കുന്നതിനായി 0.4047 ഹെക്ടര്‍ സര്‍ക്കാര്‍ നേരത്തെ ജപ്തി ചെയ്തിരുന്നു.എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, പ്രോവിഡന്റ് ഫണ്ട്, കൃഷി വരുമാന നികുതി, മുനിസിപ്പാലിറ്റി നികുതി, വാഹന-തൊഴില്‍ നികുതികള്‍, കെഎസ്‌ഇബി കുടിശിക എന്നിവയും പലിശയുമടക്കം 22.25 കോടി രൂപയുടെ ബാധ്യതയാണ് കമ്പനിക്കുള്ളത്. ഇതിനായി ജില്ലാ കളക്ടര്‍ റിക്കവറി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.