പുളിഞ്ഞാൽ ഇറുമ്പൻ നിയാസിന്റെ വീട്ടിലേക്കാണ് ആദ്യം കാട്ടുപൂച്ച കടന്നുകയറിയത്. ഏകദേശം നാലരയോടെ നടന്ന സംഭവത്തിൽ നിയാസ് പൂച്ചയെ മുറിയിലേക്ക് അടച്ചുവച്ചെങ്കിലും, ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പുറത്തേക്ക് വന്ന ഉടൻ നിയാസിനെയും പൂച്ച മാന്തി പരിക്കേൽപ്പിച്ചു.തുടർന്ന് കോട്ടമുക്ക് ഉന്നതിയിലെ രാജുവിനെയും ആക്രമണം നേരിടേണ്ടി വന്നു. പൂച്ചയെ തുരത്തുന്നതിനിടെ രാജുവിനും ഗുരുതരമല്ലാത്ത പരിക്കുകളുണ്ടായി. പിന്നീട് വള്ളുവശ്ശേരിയിലെ നസീമയും ക്വാർട്ടേഴ്സിന് സമീപത്തായപ്പോൾ പൂച്ചയുടെ ആക്രമണത്തിനിരയായി. നാട്ടുകാർ ചേർന്ന് പൂച്ചയെ ക്വാർട്ടേഴ്സിലെ ഒരു മുറിയിലേക്ക് പൂട്ടി വനംവകുപ്പിനെ വിവരം അറിയിച്ചു.സംഭവസ്ഥലത്തെത്തിയ ആർആർടി സംഘവും പൂച്ചയെ വലയിലാക്കുന്നതിനിടെ പ്രതിസന്ധി നേരിട്ടു. സംഘത്തിലെ ജി. എൽ. പ്രശാന്തിനെയും പൂച്ച മാന്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ എല്ലാവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയാണ്.ഇപ്പോൾ കാട്ടുപൂച്ച നോർത്ത് വയനാട് ആർആർടി സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പേവിഷബാധയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടോയെന്ന് ഉറപ്പാക്കിയ ശേഷമേ പൂച്ചയെ വീണ്ടും വനത്തിലേക്ക് വിട്ടയക്കൂവെന്ന് അധികൃതർ വ്യക്തമാക്കി.