സാധാരണക്കാർക്ക് ആശ്വാസം;13 അവശ്യവസ്തുക്കൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് സപ്ലൈകോ

സംസ്ഥാന സർക്കാരിന്റെ ഉപഭോക്തൃ സംരംഭമായ സപ്ലൈകോ, പൊതുവിപണിയെ അപേക്ഷിച്ച് 13 പ്രധാന അവശ്യവസ്തുക്കൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 29നുള്ള വിലപ്പട്ടികപ്രകാരം, ഈ വിലക്കുറവ് സാധാരണ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്ന തരത്തിലാണെന്ന് അധികൃതർ അറിയിച്ചു.

സബ്‌സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കുന്നതിന് റേഷൻ കാർഡ് നിർബന്ധമാണ്.അരി ഉൾപ്പെടെയുള്ള പ്രധാന പലവ്യഞ്ജനങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ സപ്ലൈകോയിൽ ലഭ്യമാണ്. ജയ, കുറുവ, മട്ട തുടങ്ങിയ അരികളുടെ വില കിലോയ്ക്ക് 33 രൂപ എന്ന ഏകീകൃത നിരക്കിലാണ്. പച്ചരി കിലോയ്ക്ക് വെറും 29 രൂപ മാത്രമാണ്. പയറുവർഗങ്ങളിൽ തുവരപ്പരിപ്പ് 88 രൂപ, ചെറുപയർ 85 രൂപ, ഉഴുന്ന് 90 രൂപ, കടല 65 രൂപ, വൻപയർ 70 രൂപ എന്നിങ്ങനെയാണ് വില. പൊതുവിപണിയിൽ ഇവയുടെ വില കിലോയ്ക്ക് നൂറ് രൂപയ്ക്കുമുകളിലാണ് എന്നതാണ് ശ്രദ്ധേയമായത്.മുളകിന്റെ വില സപ്ലൈകോയിൽ 115.50 രൂപ മാത്രമാണ്. പഞ്ചസാര കിലോയ്ക്ക് 34.65 രൂപ എന്ന സബ്‌സിഡി നിരക്കിൽ ലഭിക്കുന്നു, പൊതുവിപണിയിൽ ഇതിന് 46.21 രൂപ വിലയുണ്ട്. വെളിച്ചെണ്ണയ്ക്കായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട് — അരലിറ്റർ സബ്‌സിഡി നിരക്കിലും ശേഷിക്കുന്ന ഭാഗം പൊതുവിപണി നിരക്കിലുമാണ് ലഭിക്കുക. ഇതോടെ ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ആകെ വില 319 രൂപ മാത്രമായിരിക്കും, പൊതുവിപണിയിലെ 466.38 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ഇളവാണിത്.സപ്ലൈകോയുടെ ഈ വിലക്കുറവ് പദ്ധതി, സംസ്ഥാനത്ത് വിലവർധന നേരിടുന്ന ഉപഭോക്താക്കൾക്ക് വൻ ആശ്വാസമായി മാറുമെന്ന് അധികൃതർ വ്യക്തമാക്കി

അവധിയിൽ വിദ്യാഭ്യാസ വകുപ്പിന്റെ മാറ്റം:ശനിയാഴ്ച ഹൈസ്കൂളുകൾക്ക് പ്രവർത്തിദിനം

സംസ്ഥാനത്തെ ഹൈസ്കൂളുകൾക്ക് ഒക്ടോബർ 4 (ശനിയാഴ്ച) പ്രവർത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണയായി ശനിയാഴ്ചകൾ ഹൈസ്കൂളുകൾക്ക് അവധി ദിനമായിരുന്നുവെങ്കിലും, ഇത്തവണ പ്രത്യേക സാഹചര്യങ്ങൾ മൂലം ഈ മാറ്റം വരുത്തിയതാണ്. നവരാത്രിയും ഗാന്ധിജയന്തിയും ഉൾപ്പെടെയുള്ള മൂന്ന് ദിവസത്തെ അവധിക്കുശേഷം വെള്ളിയാഴ്ച സ്കൂളുകൾ പുനരാരംഭിക്കും.അതേസമയം, എൽപി (ലോവർ പ്രൈമറി)യും യുപി (അപ്പർ പ്രൈമറി)യുമായ വിദ്യാർത്ഥികൾക്ക് ശനിയാഴ്ച അവധി തുടരും. വിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദേശപ്രകാരം ഹൈസ്കൂളുകൾ സാധാരണ പ്രവർത്തിദിനമായി ക്ലാസുകൾ നടത്തും.

വയനാട് ദുരന്തം: ചോദിച്ചത് 2221.03 കോടി, തന്നത് 206.56 കോടി; കേന്ദ്രത്തിനെതിരെ കേരളം

വയനാട് മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്രം അനുവദിച്ച 206.56 കോടി രൂപ മതിയാകില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.പുനര്‍നിര്‍മാണത്തിന് 2000 കോടി രൂപ ആവശ്യപ്പെട്ട സാഹചര്യത്തില്‍ 260 കോടിയോളം മാത്രമാണ് അനുവദിച്ചതെന്നത് വലിയ അവഗണനയായി മന്ത്രി കെ. രാജന്‍ ആരോപിച്ചു. ദുരന്തം നടന്നിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും “എല്‍ 3” വിഭാഗത്തില്‍പ്പെട്ട വലിയ ദുരന്തമെന്ന നിലയില്‍ അംഗീകരിക്കാതെ സഹായങ്ങള്‍ നിഷേധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1222 കോടിയുടെ നഷ്ടം വ്യക്തമാക്കിയും 2221 കോടിയുടെ പുനര്‍നിര്‍മാണ ഫണ്ടിനും അപേക്ഷിച്ചിരുന്നുവെങ്കിലും ഒടുവില്‍ അനുവദിച്ചത് വെറും 206.56 കോടിയാണെന്ന് മന്ത്രി വ്യക്തമാക്കി. ധനമന്ത്രി കെ.എന്‍. ബാലഗോപാലും കേന്ദ്രത്തിന്റെ നിലപാട് വിമര്‍ശിച്ച്, സമയബന്ധിത ഇടപെടലുകള്‍ ഉണ്ടായില്ലെന്നും കേരളത്തിന് അര്‍ഹമായ സഹായം ലഭിക്കാതിരുന്നതെന്നും ആരോപിച്ചു. രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണത്തിനായി ആകെ 4654.60 കോടി രൂപ അനുവദിച്ചപ്പോള്‍, വയനാട് പുനര്‍നിര്‍മാണത്തിനായി അനുവദിച്ചത് 206.56 കോടിയിലാണ് ഒതുങ്ങിയത്.

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം;കല്പറ്റ ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്കിന് കേന്ദ്ര അനുമതി

ജില്ലയിലെ ആസ്ഥാന നഗരമായ കല്‍പ്പറ്റയില്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നതിന് അന്തിമ അനുമതി ലഭിച്ചു. സംസ്ഥാന അനുമതി മുമ്പ് തന്നെ ലഭിച്ചിരുന്നുവെങ്കിലും കേന്ദ്രത്തിന്റെ അംഗീകാരമില്ലാത്തതിനാല്‍ പദ്ധതി നീണ്ടുനിന്നിരുന്നു.കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ബ്ലഡ് സെൻററിന് കേന്ദ്ര അനുമതി ലഭിച്ചത്.വയനാട് ജില്ലയില്‍ ഇതുവരെയും ബ്ലഡ് ബാങ്ക് ഇല്ലായിരുന്നതാണ് വലിയ വെല്ലുവിളിയായി നിലകൊണ്ടിരുന്നത്. നീതി ആയോഗ് ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി 2021-22 വര്‍ഷം ഒരു കോടി രൂപ ചെലവിട്ട് കല്‍പ്പറ്റ മുനിസിപ്പാലിറ്റിയാണ് ബ്ലഡ് സെൻററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അനുമതി ലഭിച്ചതോടെ ഉടൻതന്നെ ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് നഗരസഭയുടെ തീരുമാനം.ലോക രക്തദാന ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര അനുമതി ലഭിച്ചതെന്നത് പ്രത്യേക സന്തോഷം നല്‍കുന്നതായി സമൂഹ പ്രവര്‍ത്തകനും രക്തദാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ മാടായി ലത്തീഫ് പറഞ്ഞു. നിരവധി തവണ രക്തം ദാനം ചെയ്ത അദ്ദേഹം കല്‍പ്പറ്റയില്‍ ബ്ലഡ് ബാങ്ക് വേണമെന്ന് ആദ്യമായി ഉന്നയിച്ചവരില്‍ ഒരാളാണ്.കല്‍പ്പറ്റയില്‍ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നത് രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ആശ്വാസമാകുമെന്നാണ് പൊതുവായ വിലയിരുത്തല്‍.

താമരശ്ശേരി ചുരത്തിൽ വാഹനത്തിരക്ക് ഉയർന്നേക്കും; യാത്രക്കാർ വെള്ളവും ഭക്ഷണവും കരുതി മുൻകരുതലോടെ പുറപ്പെടുക

വയനാട്ടിലേക്കുള്ള പ്രധാന ഗതാഗതപാതയായ താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത കുരുക്ക് വീണ്ടും പ്രതീക്ഷിക്കപ്പെടുന്നു. മണ്ണിടിച്ചലുകളും മരം വീഴ്ചകളും മൂലം പലപ്പോഴും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുന്നതാണ് കാരണമാകുന്നത്.ബദൽപാതകളില്ലാത്തതിനാൽ റോഡ് തടസ്സപ്പെടുമ്പോൾ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ട സാഹചര്യമാണിപ്പോൾ.വാഹനങ്ങൾക്ക് യു-ടേൺ എടുക്കാനോ വഴിമാറാനോ കഴിയാത്ത സാഹചര്യത്തിൽ, അത്യാവശ്യ യാത്രക്കാരോട് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യാത്ര ചെയ്യാൻ പോകുന്നവർ വെള്ളവും ലഘുഭക്ഷണവും കരുതി പുറപ്പെടേണ്ടതും, പ്രത്യേകിച്ച് ആശുപത്രി, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി പോകുന്നവർ നേരത്തെ യാത്ര തുടങ്ങേണ്ടതും നിർദേശിച്ചു.അടിവാരം മുതൽ ലക്കിടി വരെയുള്ള വെറും 10 കിലോമീറ്റർ പോലും മണിക്കൂറുകൾ ചെലവഴിക്കേണ്ട സാഹചര്യമാണിപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ അവധിദിനങ്ങളും മൈസുരുവിലെ ദസറാഘോഷവും ചേർന്നതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരിക്കുകയാണ്. വിനോദസഞ്ചാരികൾ വയനാട്ടിലെത്തുന്നതോടെ വരും ദിവസങ്ങളിൽ തിരക്ക് കൂടുതൽ രൂക്ഷമാകുമെന്ന പ്രവചനം ഉണ്ട്.ചുരത്തിലൂടെ ചരക്ക് ലോറികൾ കടന്നുപോകുന്ന ഭാഗത്താണ് തിരക്ക് കൂടുതലായും അനുഭവപ്പെടുന്നത്. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും, യാത്രക്കാർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പോലീസ് അറിയിച്ചു. ചുരം സംരക്ഷണസമിതിയും പൊലീസും ചേർന്ന് യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

https://wayanadvartha.in/2025/10/02/kalpetta-general-hospital-blood-bank-central-approva

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version