സംസ്ഥാനത്തെ ഹൈസ്കൂളുകൾക്ക് ഒക്ടോബർ 4 (ശനിയാഴ്ച) പ്രവർത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണയായി ശനിയാഴ്ചകൾ ഹൈസ്കൂളുകൾക്ക് അവധി ദിനമായിരുന്നുവെങ്കിലും, ഇത്തവണ പ്രത്യേക സാഹചര്യങ്ങൾ മൂലം ഈ മാറ്റം വരുത്തിയതാണ്. നവരാത്രിയും ഗാന്ധിജയന്തിയും ഉൾപ്പെടെയുള്ള മൂന്ന് ദിവസത്തെ അവധിക്കുശേഷം വെള്ളിയാഴ്ച സ്കൂളുകൾ പുനരാരംഭിക്കും.
അതേസമയം, എൽപി (ലോവർ പ്രൈമറി)യും യുപി (അപ്പർ പ്രൈമറി)യുമായ വിദ്യാർത്ഥികൾക്ക് ശനിയാഴ്ച അവധി തുടരും. വിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദേശപ്രകാരം ഹൈസ്കൂളുകൾ സാധാരണ പ്രവർത്തിദിനമായി ക്ലാസുകൾ നടത്തും.
ധൈര്യമായി ലോട്ടറിയെടുത്തോളൂ, പൂജ ബമ്ബര്‍ തുകയില്‍ വലിയ മാറ്റമില്ല: കെ.എൻ ബാലഗോപാല്‍
പൂജ ബമ്പർ ലോട്ടറിയുടെ സമ്മാന ഘടനയിൽ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തിയതാണെന്നും, ടിക്കറ്റ് വിലയിൽ യാതൊരു വർധനവുമില്ലെന്നും. ഒന്നും രണ്ടും സമ്മാനങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും, എല്ലാവരും ആത്മവിശ്വാസത്തോടെ ടിക്കറ്റുകൾ വാങ്ങാമെന്നും കെ.എൻ. ബാലഗോപാൽ മന്ത്രി വ്യക്തമാക്കി.ജിഎസ്ടി മൂലം സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും, സർക്കാർ പൊതുജനങ്ങൾക്ക് അധിക ഭാരമാകാതിരിക്കാൻ ടിക്കറ്റ് വില ഉയർത്താതെ തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്തതായി മന്ത്രി പറഞ്ഞു. എന്നാൽ സമ്മാന വിതരണത്തിൽ ചില ചെറിയ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. മൂന്നാം സമ്മാനം 10 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി കുറച്ചിട്ടുണ്ട്. അതുപോലെ തന്നെ 5,000 രൂപ സമ്മാനങ്ങളുടെ എണ്ണം 8,100 ആയി ചുരുക്കിയിട്ടുണ്ട്.എങ്കിലും, ഒന്നും രണ്ടും സമ്മാനങ്ങളിൽ മാറ്റമില്ലാത്തതിനാൽ, ലോട്ടറി ആകർഷകമായ സമ്മാന അവസരങ്ങൾ തുടരുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രസഹായത്തിൽ വലിയ കുറവ് സംഭവിക്കുന്നുവെന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തിന് ഒരുവർഷം കഴിഞ്ഞിട്ടും കേന്ദ്രസർക്കാരിൽ നിന്ന് പര്യാപ്തമായ സഹായം ലഭിക്കാത്തത് സംസ്ഥാനത്തിന് വെല്ലുവിളിയാണെന്നും, ഇതിൽ മാറ്റം വരുത്താൻ സംസ്ഥാനത്തെ ബിജെപി നേതാക്കളും എംപിമാരും ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വയനാട് ദുരന്തം: ചോദിച്ചത് 2221.03 കോടി, തന്നത് 206.56 കോടി; കേന്ദ്രത്തിനെതിരെ കേരളം
വയനാട് മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്രം അനുവദിച്ച 206.56 കോടി രൂപ മതിയാകില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.പുനര്‍നിര്‍മാണത്തിന് 2000 കോടി രൂപ ആവശ്യപ്പെട്ട സാഹചര്യത്തില്‍ 260 കോടിയോളം മാത്രമാണ് അനുവദിച്ചതെന്നത് വലിയ അവഗണനയായി മന്ത്രി കെ. രാജന്‍ ആരോപിച്ചു. ദുരന്തം നടന്നിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും “എല്‍ 3” വിഭാഗത്തില്‍പ്പെട്ട വലിയ ദുരന്തമെന്ന നിലയില്‍ അംഗീകരിക്കാതെ സഹായങ്ങള്‍ നിഷേധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1222 കോടിയുടെ നഷ്ടം വ്യക്തമാക്കിയും 2221 കോടിയുടെ പുനര്‍നിര്‍മാണ ഫണ്ടിനും അപേക്ഷിച്ചിരുന്നുവെങ്കിലും ഒടുവില്‍ അനുവദിച്ചത് വെറും 206.56 കോടിയാണെന്ന് മന്ത്രി വ്യക്തമാക്കി. ധനമന്ത്രി കെ.എന്‍. ബാലഗോപാലും കേന്ദ്രത്തിന്റെ നിലപാട് വിമര്‍ശിച്ച്, സമയബന്ധിത ഇടപെടലുകള്‍ ഉണ്ടായില്ലെന്നും കേരളത്തിന് അര്‍ഹമായ സഹായം ലഭിക്കാതിരുന്നതെന്നും ആരോപിച്ചു. രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണത്തിനായി ആകെ 4654.60 കോടി രൂപ അനുവദിച്ചപ്പോള്‍, വയനാട് പുനര്‍നിര്‍മാണത്തിനായി അനുവദിച്ചത് 206.56 കോടിയിലാണ് ഒതുങ്ങിയത്.
ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം;കല്പറ്റ ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്കിന് കേന്ദ്ര അനുമതി
ജില്ലയിലെ ആസ്ഥാന നഗരമായ കല്‍പ്പറ്റയില്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നതിന് അന്തിമ അനുമതി ലഭിച്ചു. സംസ്ഥാന അനുമതി മുമ്പ് തന്നെ ലഭിച്ചിരുന്നുവെങ്കിലും കേന്ദ്രത്തിന്റെ അംഗീകാരമില്ലാത്തതിനാല്‍ പദ്ധതി നീണ്ടുനിന്നിരുന്നു.കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ബ്ലഡ് സെൻററിന് കേന്ദ്ര അനുമതി ലഭിച്ചത്.വയനാട് ജില്ലയില്‍ ഇതുവരെയും ബ്ലഡ് ബാങ്ക് ഇല്ലായിരുന്നതാണ് വലിയ വെല്ലുവിളിയായി നിലകൊണ്ടിരുന്നത്. നീതി ആയോഗ് ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി 2021-22 വര്‍ഷം ഒരു കോടി രൂപ ചെലവിട്ട് കല്‍പ്പറ്റ മുനിസിപ്പാലിറ്റിയാണ് ബ്ലഡ് സെൻററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അനുമതി ലഭിച്ചതോടെ ഉടൻതന്നെ ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് നഗരസഭയുടെ തീരുമാനം.ലോക രക്തദാന ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര അനുമതി ലഭിച്ചതെന്നത് പ്രത്യേക സന്തോഷം നല്‍കുന്നതായി സമൂഹ പ്രവര്‍ത്തകനും രക്തദാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ മാടായി ലത്തീഫ് പറഞ്ഞു. നിരവധി തവണ രക്തം ദാനം ചെയ്ത അദ്ദേഹം കല്‍പ്പറ്റയില്‍ ബ്ലഡ് ബാങ്ക് വേണമെന്ന് ആദ്യമായി ഉന്നയിച്ചവരില്‍ ഒരാളാണ്.കല്‍പ്പറ്റയില്‍ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നത് രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ആശ്വാസമാകുമെന്നാണ് പൊതുവായ വിലയിരുത്തല്‍.