ശബരിമല സ്വര്‍ണപ്പാളി മോഷണ അന്വേഷണം പുരോഗമിക്കുന്നു; വിശദവിവരങ്ങൾ അറിയാം

ശബരിമല സ്വർണപ്പാളി മോഷണ കേസിൽ അന്വേഷണം മുന്നോട്ട് പോകുമെന്നും അന്വേഷണത്തിൽ ഇടപെടലോ മുൻകൂർ വിധി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ, അന്വേഷണത്തിന് നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് യാതൊരു വിധി എഴുതാനും വ്യക്തികളെ കുറ്റക്കാരാക്കാനും പാടില്ലെന്നും, നിയമനടപടികൾക്ക് ബാധകമായ പ്രസ്താവനകൾ ഒഴിവാക്കേണ്ടത് പ്രധാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അന്വേഷണം അവസാനിച്ച ശേഷം നിയമം അനുസരിച്ച്‌ കുറ്റക്കാരെ തിരിച്ചറിയുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും എന്നതും അദ്ദേഹം വ്യക്തമാക്കി.

കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; അഡ്വ.ടി.ജെ ഐസക് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കല്‍പ്പറ്റ നഗരസഭയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. ഡിസിസി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് നഗരസഭാ ചെയര്‍മാന്‍ പദവി രാജിവെച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ കോണ്‍ഗ്രസില്‍ ഉണ്ടാക്കിയ ധാരണപ്രകാരമാണ് ഈ നീക്കം നടന്നത്.ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള രാജിയോടെ നഗരസഭാ ഭരണത്തില്‍ മാറ്റത്തിന് വേദി ഒരുക്കിയിരിക്കുകയാണ് ഐസക്.2024 ഫെബ്രുവരി 7നാണ് ടി.ജെ. ഐസക് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാനായി ചുമതലയേറ്റത്. കഴിഞ്ഞ മാസം അവസാനത്തോടെ ഡിസിസി പ്രസിഡന്റായി നിയമിക്കപ്പെട്ടതോടെയാണ് രാജിക്കുറിപ്പ് സമര്‍പ്പിക്കാന്‍ ഐസക് തീരുമാനിച്ചത്. പാര്‍ട്ടി വൃത്തങ്ങളുടെ സൂചനപ്രകാരം അടുത്ത ചെയര്‍മാനായി പി. വിനോദ് കുമാറിനെയാണ് പരിഗണിക്കുന്നത്. അടുത്ത 10 ദിവസത്തിനകം പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തേക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

താഴോട്ടില്ലാതെ സ്വർണം; ഇന്നും വർധിച്ച് തന്നെ, പവന് കൂടിയത് ഇത്ര!

കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും വില വർധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് ₹240 കൂടി 91,960 രൂപയായി. ഒരുഗ്രാം സ്വർണത്തിന് 30 രൂപ കൂടി 11,495 രൂപയിലെത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഇതുവരെയുളള ഏറ്റവും ഉയർന്ന സ്വർണവിലയാണിത്.ഇന്നലെ പവന്റെ വില ₹91,720 ആയിരുന്നപ്പോൾ ഗ്രാമിന് ₹11,465 ആയിരുന്നു. കഴിഞ്ഞ മാസം മുതൽ തന്നെ സ്വർണവിലയിൽ വൻ തോതിലുള്ള വർധനവാണ് അനുഭവപ്പെട്ടത്. ഒക്ടോബർ 3-നാണ് ഇതുവരെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത് — അന്ന് പവന്റെ വില ₹86,560യും ഗ്രാമിന് ₹10,820യുമായിരുന്നു.ആഗോള വിപണി സ്വാധീനംലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാൽ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യയിലെ വിലയെ നേരിട്ട് ബാധിക്കുന്നു. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതോടെ ഇന്ത്യയിലും വില കുറയും എന്നില്ല. രൂപയുടെ മൂല്യം, പ്രാദേശിക ആവശ്യകത, ഇറക്കുമതി തീരുവ എന്നിവയാണ് ആഭ്യന്തര വിപണിയിലെ സ്വർണവില നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ.രാഷ്ട്രീയ-ആർഥിക സാഹചര്യം വില ഉയർത്തുന്നുഅമേരിക്കൻ സർക്കാർ ഷട്ട്ഡൗണിൽ തുടരുന്നതും ഫ്രാൻസിലെയും ജപ്പാനിലെയും രാഷ്ട്രീയ പ്രതിസന്ധികളും കണക്കിലെടുത്താണ് നിക്ഷേപകർ സ്വർണത്തെ സുരക്ഷിത നിക്ഷേപ മേഖലയായി തിരഞ്ഞെടുക്കുന്നത്. ഇതോടെ വില കൂടുതൽ ഉയർന്നിരിക്കുകയാണ്. ഈ വർഷം ഇതുവരെ സ്വർണവിലയിൽ ഏകദേശം 53 ശതമാനത്തിന്റെ വർധനവാണ് സംഭവിച്ചത്. ദീപാവലി അടുത്തെത്തുന്നതിനാൽ വില ഒരു ലക്ഷം രൂപ കടന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.സ്വർണം: മികച്ചതായെങ്കിലും ബുദ്ധിപൂർവം നിക്ഷേപിക്കണംസ്വർണം സുരക്ഷിതവും ദീർഘകാലത്തേക്കുമുള്ള മികച്ച നിക്ഷേപ മാർഗമാണെന്ന് പലരും കരുതുന്നു. എങ്കിലും ആഭരണങ്ങളായി സ്വർണം വാങ്ങുമ്പോൾ വൻതോതിൽ പണിക്കൂലി അടയ്ക്കേണ്ടിവരുന്നത് സാധാരണമാണ്. പിന്നീട് ആഭരണങ്ങൾ വിൽക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യുമ്പോൾ ഈ പണിക്കൂലി തിരിച്ചുകിട്ടാറില്ല. അതിനാൽ സ്മാർട്ട് നിക്ഷേപ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്.

തുല്യതയിൽ നിന്ന് ബിരുദത്തിലേക്ക് :പഠിതാക്കൾക്ക് പുതിയ വഴിയൊരുക്കി ജില്ലാ പഞ്ചായത്ത്

തു ല്യതാ പഠിതാക്കൾക്ക് ബിരുദധാരികളാവാൻ അവസരമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി. ഹയർ സെക്കൻഡറി തുല്യതാ വിജയികൾക്കായി സാക്ഷരതാ മിഷനുമായി കൈകോർത്ത് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ബിരുദ പഠന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. വി.പി ജഗതി രാജ് നിർവഹിച്ചു.വിദ്യാഭ്യാസം സമൂഹത്തിലെ അസമത്വങ്ങൾക്കും അനീതിക്കുമെതിരെ പ്രതികരിക്കാൻ പ്രാപ്തരാക്കുന്ന ശക്തമായ ആയുധമാണെന്നും, അത് ജോലിക്ക് മാത്രമല്ല വ്യക്തിത്വ വികാസത്തിനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കള്‍ക്ക് ബിരുദ പഠനത്തിന് അവസരമൊരുക്കുന്ന നൂതന പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുകയാണ് ജില്ലാ പഞ്ചായത്ത്. സാക്ഷരതാ മിഷന്റെ സഹകരണത്തോടെ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് ബിരുദ പഠനം. പഠനാവസരം വീണ്ടെടുത്ത് ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ചവർക്ക് സാമ്പത്തിക പരാധീനതയുടെ പേരില്‍ പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബിരുദ കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന ജനറല്‍ വിഭാഗത്തിലെ പഠിതാക്കളുടെ 50 ശതമാനം ഫീസും പട്ടികജാതി വിഭാഗക്കാരുടെ 75 ശതമാനം ഫീസും പട്ടികവര്‍ഗ്ഗ പഠിതാക്കളുടെ 100 ശതമാനം ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും. പദ്ധതിയുടെആദ്യ ഘട്ടത്തില്‍ 62 പേരാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാം ഘട്ടത്തില്‍ 138പേര്‍ക്കാണ് അവസരം. കല്‍പ്പറ്റ ഗവ എന്‍.എം.എസ്.എം കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കേളേജ് എന്നിവടങ്ങളില്‍ സമ്പർക്ക ക്ലാസുകള്‍ നല്‍കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എം. മുഹമ്മദ്‌ ബഷീർ, ഉഷ തമ്പി, സീത വിജയൻ, ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ, സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ, ഓഫീസ് സ്റ്റാഫ് പി.വി ജാഫർ, കൽപ്പറ്റ എൻ.എം.എസ്.എം ഗവ.കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിനോദ് തോമസ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version