ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണം; ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍

ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണ തട്ടിപ്പ് കേസില്‍ നിര്‍ണായക മുന്നേറ്റം. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി ഗൗരവമായ ചോദ്യം ചെയ്യലാണ് പുരോഗമിക്കുന്നത്.കേസിലെ എല്ലാ പ്രതികള്‍ക്കും പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപട്ടികയിലെ പ്രധാനനായ ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുക്കിയത്. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരെയും അടുത്ത ഘട്ടത്തില്‍ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എസ്‌ഐടി.ദ്വാരപാലക ശില്പത്തിലെയും വാതില്‍പടിയിലെയും സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകളാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും ഹൈദരാബാദ് സ്വദേശി നാഗേഷിനെയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു.ശബരിമല ക്ഷേത്രത്തിലെ ഈ സ്വര്‍ണ മോഷണ കേസ് സംസ്ഥാനത്തെ തന്നെ നടുക്കിയതോടെയാണ് അന്വേഷണ നടപടികള്‍ വേഗത്തിലാക്കിയത്. കൂടുതല്‍ അറസ്റ്റ് സാധ്യതകള്‍ അന്വേഷണമുറുകുന്നതിനോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.

ഇങ്ങനെ പോയാല്‍ എന്താകും പൊന്നേ! പിന്നോട്ടില്ലാതെ സ്വര്‍ണവില; ഇന്നത്തെ നിരക്ക്

സ്വർണവിലയിൽ ദിവസേനയുള്ള കുതിപ്പ് ആഭരണപ്രിയരെയും വാങ്ങാൻ കാത്തിരിക്കുന്നവരെയും ആശങ്കയിലാഴ്ത്തുകയാണ്. ഒരു തരിപോലും പിന്നോട്ടില്ലാതെ തുടരുന്ന ഈ വർധന, ദീപാവലി അടുത്തുവരുന്നതിനാൽ കൂടുതൽ ശക്തമാകുമെന്നാണ് വിപണിയിലെ വിലയിരുത്തൽ.പുതുക്കിയ കണക്കുകൾ പ്രകാരം ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില മാറ്റമില്ലാതെ ₹94,520 രൂപയിലാണ് നിലനിൽക്കുന്നത്. അതേപോലെ തന്നെ, ഒരു ഗ്രാമിന്‍റെ വിലയും ₹11,815 രൂപയായി തുടരുന്നു. ഈ നില തുടരുകയാണെങ്കിൽ, ഒരു പവന്റെ വില ഒരു ലക്ഷം രൂപ കടക്കാൻ ഇനി ദിവസങ്ങളുടെ കാര്യമാണ്.ആഭരണവിപണിയിലേക്കും വിവാഹ ആവശ്യങ്ങൾക്കുമായി സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്കായി ഈ നിരന്തരം ഉയരുന്ന നിരക്കുകൾ വലിയ തലവേദനയാക്കുകയാണ്.വരാനിരിക്കുന്ന ദീപാവലിയും ധന്തേരസും പോലുള്ള ഉത്സവങ്ങൾ വില വർധനയ്ക്ക് കൂടുതൽ തിളക്കം പകരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.ഒക്ടോബർ 14-ന് സ്വർണവിലയിൽ മൂന്ന് തവണ മാറ്റമുണ്ടായി. രാവിലെ ₹94,360 രൂപയായിരുന്ന നിരക്ക് ഉച്ചയ്ക്ക് ശേഷം ₹1,200 രൂപ കുറഞ്ഞ് ₹93,160 രൂപയിലേക്കാണ് വീണത്. എന്നാൽ വൈകുന്നേരത്തോടെ വീണ്ടും ₹960 രൂപ ഉയർന്ന് ₹94,120 രൂപയിലെത്തി. ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായി ഇന്നലെ രാവിലെ രേഖപ്പെടുത്തിയ ഈ വില, സ്വർണവിപണിയിലെ അനിശ്ചിതത്വം തെളിയിക്കുന്നു.സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ നിരവധി തന്നെയാണ് — യുഎസ് പണപ്പെരുപ്പം, പലിശനിരക്കുകളിൽ വരുന്ന മാറ്റങ്ങൾ, രാജ്യാന്തര രാഷ്ട്രീയ സംഘർഷങ്ങൾ, വൻകിട രാഷ്ട്രങ്ങളുടെ സാമ്പത്തിക നയങ്ങൾ, ഓഹരി വിപണിയിലെ അനിശ്ചിതത്വം, ക്രൂഡ് ഓയിൽ വിലയിലെ ഉയർച്ച-താഴ്ചകൾ, രൂപയുടെ മൂല്യത്തിലെ മാറ്റങ്ങൾ എന്നിവ എല്ലാം വിപണിയെ നേരിട്ട് ബാധിക്കുന്നു. ഇതെല്ലാം കൂടി ചേർന്നാണ് ഇന്നത്തെ സ്വർണവിലയുടെ കുതിപ്പ് രൂപപ്പെട്ടിരിക്കുന്നത്.

തുലാവര്‍ഷം എത്തുന്നു; കേരളത്തില്‍ ഇനി മഴക്കാലം; ഇടിമിന്നലിനെയും കരുതിയിരിക്കണം

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഇതിന്റെ പശ്ചാത്തലത്തില്‍ ഒമ്പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപം ചക്രവാത ചുഴി രൂപം കൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയോടെ ഇത് കേരള–കർണാടക തീരപ്രദേശത്തിന് സമീപം ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇതിനെ തുടര്‍ന്ന് കേരള–ലക്ഷദ്വീപ് തീരപ്രദേശങ്ങളില്‍ ഒക്ടോബർ 18 വരെ മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നു. കൂടാതെ, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 17 ന് രാത്രി പതിനൊന്നര വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക്–പടിഞ്ഞാറന്‍ കാലാവർഷം പിന്‍വാങ്ങി തുലാവർഷം ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മധ്യവും തെക്കന്‍ ജില്ലകളിലും അടുത്ത രണ്ട് ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്

വധശിക്ഷയിൽ ആധുനിക മാർഗങ്ങൾ പരിഗണിക്കാൻ കേന്ദ്രം വിസമ്മതിച്ചു; കടുത്ത വിമർശനവുമായി സുപ്രീംകോടതി

വധശിക്ഷയുടെ നടപ്പാക്കൽ രീതി സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിലപാട് ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതി കഠിന വിമർശനം ഉന്നയിച്ചു. തൂക്കിലേറ്റലിന് പകരം വിഷം കുത്തിവയ്ക്കൽ പോലുള്ള ആധുനിക മാർഗങ്ങൾ സ്വീകരിക്കാനുള്ള നിർദേശത്തോട് കേന്ദ്രം എതിർപ്പ് പ്രകടിപ്പിച്ചതിന്മേലാണ് കോടതി പ്രതികരിച്ചത്. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്നതാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.തൂക്കിലേറ്റണോ, വിഷം കുത്തിവയ്ക്കലിലൂടെയോ ശിക്ഷ നടപ്പാക്കണമോ എന്ന കാര്യത്തിൽ തടവുകാരന് തീരുമാനമെടുക്കാൻ അവസരം നൽകാനുള്ള ആശയത്തോടും കേന്ദ്രം പ്രതികൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.തൂക്കിലേറ്റൽ ക്രൂരവും അനാവശ്യമായ വേദനയും ഉണ്ടാക്കുന്ന രീതിയാണെന്നും അതിന് പകരം വിഷം കുത്തിവയ്ക്കൽ, വെടിവയ്പ്പ്, വൈദ്യുതി തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കണമെന്നുമുള്ള പൊതുതാൽപര്യ ഹരജിയെയാണ് കോടതി പരിഗണിച്ചത്.തൂക്കിലേറ്റുമ്പോൾ പ്രതി നേരിടുന്ന വേദനയും മരിക്കാൻ എടുക്കുന്ന സമയവും പരിശോധിക്കണമെന്ന് നേരത്തെ കോടതി നിർദേശിച്ചിരുന്നു.അമേരിക്കയിലെ 50ൽ 49 സംസ്ഥാനങ്ങളും തൂക്കിലേറ്റൽ ഒഴിവാക്കിയെന്നും അവിടങ്ങളിൽ വിഷം കുത്തിവയ്ക്കലാണ് സാധാരണമായ രീതിയെന്നും ഹരജിക്കാരനായ അഡ്വ. റിഷി മൽഹോത്ര ചൂണ്ടിക്കാട്ടി. വിഷം കുത്തിവച്ചാൽ ഉടനടി മരണം സംഭവിക്കുമ്പോൾ, തൂക്കിലേറ്റിയാൽ ശരീരം 40 മിനുട്ട് വരെ കയറിൽ തൂങ്ങിയിരിക്കേണ്ട സാഹചര്യമുണ്ടാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.മാന്യമായ രീതിയിൽ മരിക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിക്കുക, ശിക്ഷ വേഗത്തിൽ നടപ്പാക്കുക, തൂക്കിലേറ്റൽ നിയമവിരുദ്ധമാക്കി മാറ്റുക എന്നീ ആവശ്യങ്ങളാണ് ഹരജിയിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്. വിഷയത്തിൽ കേന്ദ്രസർക്കാർ വിശദമായ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version