തി രുവനന്തപുരം: വോട്ടുയന്ത്രങ്ങൾക്ക് ഇനി ഒരുമാസക്കാലം സ്ട്രോങ് റൂമുകളിൽ വിശ്രമം. ഇന്നലെ അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43 നാണ്.വടകര പാർലമെൻറ് മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവിൽ എൽ.പി സ്‌കൂൾ) ഏറ്റവും അവസാനം പോളിങ് നടന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പ്രാഥമിക പോളിങ് ശതമാനക്കണക്കുകളിൽ 2019നേക്കാൾ
കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2019ൽ 77.84
ശതമാനമായിരുന്നെങ്കിൽ ഇത്തവണ ഇന്നലെ രാത്രി
എട്ടുവരെയുള്ള കണക്കനുസരിച്ച് 70.35 ശതമാനമാണ്
വോട്ടിങ്. കഴിഞ്ഞവട്ടം പ്രാഥമിക പോളിങ് തന്നെ 77
ശതമാനമായിരുന്നു. മൂന്നുപതിറ്റാണ്ടിനിടയിലെ ഏറ്റവും
ഉയർന്ന പോളിങ് നിലയായിരുന്നു ഇത്. 20
മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സര
രംഗത്തുണ്ടായിരുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
ഇക്കുറി അന്തിമ കണക്കുകൾ എത്തുന്നതോടെ വോട്ടിങ്
നില 75 ശതമാനത്തിലേക്കെത്തുമെന്നാണ് തെരഞ്ഞെടുപ്പ്
കമീഷന്റെ വിലയിരുത്തൽ.
വോട്ടിങ് പൂർത്തിയായ ശേഷം പോളിങ് ബൂത്തുകളിൽ നിന്ന്
സംസ്ഥാനത്തെ 140 കലക്ഷൻ കേന്ദ്രങ്ങളിലെത്തിച്ച ശേഷം 20 കേന്ദ്രങ്ങളിലുള്ള സ്ട്രോങ് റൂമുകളിലേക്കാണ് മാറ്റിയത്. സ്ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളിൽ അതിസുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.കലക്ഷൻ കേന്ദ്രങ്ങളിൽ നിന്ന് സ്ട്രോങ് റൂമുകളിലെത്തിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ സീൽ ചെയ്ത് ഡബിൾ ലോക്ക് ചെയ്‌താണ് വോട്ടുയന്ത്രങ്ങൾ സൂക്ഷിക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരമുള്ള ഒരു പ്ലറ്റൂൺ സുരക്ഷസേന ഓരോ കേന്ദ്രത്തിന്റെയും സുരക്ഷ ഒരുക്കും. രണ്ട് തലങ്ങളിലുള്ള സുരക്ഷ സംവിധാനമാണ് സ്ട്രോങ് റൂമുകൾക്ക് പുറത്ത്. ആദ്യ സുരക്ഷാവലയം സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും പുറമെയുള്ള സുരക്ഷ സംസ്ഥാന ആംഡ് പൊലീസും ഒരുക്കും. സ്ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സി.സി ടി.വി നിരീക്ഷണവും ഏർപ്പെടുത്തി.
ഇതിന്റെ ഭാഗമായി കൺട്രോൾ റൂമിലിരുന്ന് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനും പൊലീസ് ഉദ്യോഗസ്ഥനും സദാ സി.സി ടി.വി നിരീക്ഷിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ഇവിടെയെത്തി സുരക്ഷാ സംവിധാനങ്ങൾ മനസ്സിലാക്കാൻ അവസരമുണ്ട്. ജൂൺ നാലിന് വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോങ് റൂം തുറക്കുക.