കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയെ ശസ്ത്രക്രിയ ചെയ്തതില്‍ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.അതേസമയം, സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ കുടുബം പറഞ്ഞു. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ഇതെന്നും, ഇനി ഒരു കുട്ടിക്കും മെഡിക്കല്‍ കോളജില്‍ ഈ ഗതി വരരുതെന്നും കുട്ടിയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയതിന് പിന്നാലെ ഡോക്ടര്‍ മാപ്പു പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.കുട്ടിയുടെ ഒരു കൈക്ക് ആറ് വിരല്‍ ഉള്ളതിനാല്‍ ഇന്ന് ശസ്ത്രക്രിയക്ക് എത്താന്‍ പറഞ്ഞിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വാര്‍ഡിലെത്തിയ ശേഷം കുട്ടിയുടെ നാവില്‍ ചോര കണ്ടതിനെ തുടര്‍ന്ന് നഴ്സിനോട് ചോദിച്ചപ്പോഴാണ് നാവിനാണ് സര്‍ജറി നടത്തിയതെന്ന് പറഞ്ഞത്. വിരലിന്റെ സര്‍ജറിക്കായാണല്ലോ വന്നതെന്ന് പറഞ്ഞപ്പോള്‍ കുട്ടിയെ നഴ്സ് അകത്തേക്ക് തന്നെ കൊണ്ടുപോകുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മെഡിക്കല്‍ സൂപ്രണ്ടിന്റെ ഉറപ്പിലാണ് പരാതി നല്‍കിയത്. ശസ്ത്രക്രിയ നാവിനായത് കൊണ്ട് കുഴപ്പമില്ലെന്നാണ് തോന്നുന്നത്. കുട്ടി സംസാരിക്കുന്നുണ്ടെന്നും ഭാവിയില്‍ എന്തുപ്രശ്നമുണ്ടാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.ഇന്നു രാവിലെയാണ് ചെറുവണ്ണൂര്‍ സ്വദേശിയായ കുട്ടി ആശുപത്രിയിലെത്തിയത്. നിലവില്‍ കുട്ടിയെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കൈക്കാണ് ശസ്ത്രക്രിയ വേണ്ടതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടായിരുന്നു നഴ്സിന്റെ പ്രതികരണമെന്നും വളരെ നിസ്സാരമായാണ് ആശുപത്രി അധികൃതര്‍ സംഭവം എടുത്തതെന്നും വീട്ടുകാര്‍ പറയുന്നു. നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവിനെപ്പറ്റി പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന ഇപ്പോഴും പോരാട്ടം തുടരുന്നതിനിടെയാണ് വീണ്ടും ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചത്.സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.