Posted By Anuja Staff Editor Posted On

കെഎസ്ആർടിസിയുടെ പുത്തൻ പരിഷ്കരണം, കോളടിക്കുന്നത് യാത്രക്കാർക്ക്

യാത്രക്കാര്‍ക്ക് ആകര്‍ഷകമായ പുത്തന്‍ പരിഷ്‌കരണങ്ങള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനില്‍ നടപ്പിലാക്കാന്‍ കെഎസ്‌ആര്‍ടിസി.നിലവിലുള്ള റീഫണ്ട് നിയമങ്ങള്‍ക്കു പുറമെ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പോളിസി പരിഷ്‌കരിച്ചിരിക്കുന്നത്. സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും എന്നതാണ് ഏറ്റവും ആകര്‍ഷകമായ പരിഷ്‌കരണം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സേവനദാതാവ് കാരണം ഉണ്ടാകുന്ന സാങ്കേതിക പിഴവുകള്‍ക്ക് അവരില്‍ നിന്ന് തന്നെ പണം പിഴയായി ഈടാക്കി യാത്രക്കാര്‍ക്ക് നല്‍കും. എന്തെങ്കിലും കാരണവശാല്‍ സര്‍വീസ് റദ്ദാക്കിയാല്‍ റീഫണ്ട് തുക 24 മണിക്കൂറിനുള്ളില്‍ യാത്രക്കാരന് തിരികെ നല്‍കും. ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം തിരികെ ലഭിക്കുക.

വാഹനത്തില്‍ തകരാറോ അപകടമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളാല്‍ നിശ്ചിത ദൂരത്തേക്ക് സര്‍വീസ് നടത്താതെ വന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ റീഫണ്ട് ചെയ്യും. ഇതിന് ആവശ്യമായ രേഖകള്‍ ഇന്‍സ്പെക്ടര്‍/ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഐ.ടി ഡിവിഷനില്‍ കാലതാമസം കൂടാതെ നല്‍കണമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട പരിഷ്‌കരണം.റീഫണ്ട് നല്‍കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിലോ രേഖകള്‍ ലഭിച്ചതിനുശേഷം റീഫണ്ട് നല്‍കുന്നതിലോ ഉദ്യോഗസ്ഥരില്‍നിന്നു കാലതാമസം നേരിട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്നു പിഴയായി ഈ തുക ഈടാക്കും.രണ്ട് മണിക്കൂറിലധികം വൈകി സര്‍വീസ് പുറപ്പെടുകയോ സര്‍വീസ് നടത്താത്ത സാഹചര്യമോ ഉണ്ടായാല്‍ യാത്രക്കാരന്‍ യാത്ര ചെയ്തിട്ടില്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെനല്‍കും.

റിസര്‍വേഷന്‍ സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക തകരാര്‍ കാരണം ട്രിപ്പ് ഷീറ്റില്‍ ടിക്കറ്റ് വിശദാംശങ്ങള്‍ കാണാത്ത സാഹചര്യം ഉണ്ടായാല്‍ യാത്രക്കാരന്‍ യാത്ര ചെയ്തിട്ടില്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെനല്‍കും. നിശ്ചിത പിക്കപ്പ് പോയിന്റില്‍നിന്ന് യാത്രക്കാരനെ ബസ്സില്‍ കയറ്റിയില്ലെങ്കില്‍ ഈ ക്ലെയ്മിന് കെ.എസ്.ആര്‍.ടി.സി ഉത്തരവാദി ആണെങ്കില്‍ മുഴുവന്‍ തുകയും യാത്രക്കാരന് തിരികെനല്‍കും.ഷെഡ്യൂള്‍ ചെയ്ത ഉയര്‍ന്ന ക്ലാസ് സര്‍വീസിന് പകരം ലോവര്‍ ക്ലാസ് സര്‍വീസ് ഉപയോഗിച്ചാണ് യാത്രക്കാര്‍ യാത്ര ചെയ്തതെങ്കില്‍ യാത്രാനിരക്കിലെ വ്യത്യാസം തിരികെ നല്‍കും. യാത്രയ്ക്കിടെ ക്ലെയ്മിന്റെ പ്രൂഫ് ഹാജരാക്കാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ മൊബൈല്‍ ടിക്കറ്റ് ഉപയോഗിച്ച്‌ യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍, ഇ.ടി.എം ടിക്കറ്റ് വാങ്ങി യാത്രക്കാരന്‍ ഇതേ ബസ്സില്‍ യാത്ര ചെയ്തിരിക്കണമെന്ന നിബന്ധനയ്ക്ക് വിധേയമായി അടിസ്ഥാനനിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യും.

ഈ സാഹചര്യത്തില്‍ ഇ.ടി.എം ടിക്കറ്റിന്റെ പകര്‍പ്പ് നിര്‍ബന്ധമാണ്. യാത്രക്കാരന്‍ യാത്ര ചെയ്തിട്ടില്ലെങ്കില്‍ റീഫണ്ട് അനുവദിക്കില്ല. നിലവിലെ റിസര്‍വേഷന്‍ പോളിസിയിലുള്ള ന്യൂനതകള്‍ പരിഹരിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരിശോധനയുടെ ഫലമായാണ് യാത്രക്കാര്‍ക്ക് ഗുണകരമായ രീതിയില്‍ ടിക്കറ്റ് റിസര്‍വേഷന്‍ പോളിസി വിപുലീകരിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version