നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ കേന്ദ്രസർക്കാരിന് തലവേദനയായ പശ്ചാത്തലത്തിൽ, പ്രതിഷേധങ്ങൾ തണുപ്പിച്ച് പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഐ.എസ്.ആര്‍.ഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗ സമിതി നിയോഗിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) മുഖേനയുള്ള പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കുക എന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
സമിതി, പരീക്ഷ നടത്തിപ്പ്, ഡാറ്റ സുരക്ഷ പ്രോട്ടോക്കോൾ മെച്ചപ്പെടുത്തൽ, എൻ.ടി.എയുടെ ഘടനയും പ്രവർത്തനവും മെച്ചപ്പെടുത്തൽ എന്നിവയിൽ പഠനം നടത്തും. ഹൈദരാബാദ് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ. ബി. ജെ. റാവു, ഡൽഹി എയിംസ് മുൻ ഡയറക്ടർ രൺദീപ് ഗുലേറിയ എന്നിവരും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. സമിതി രണ്ട് മാസത്തിനകം വിദ്യാഭ്യാസ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും.
പരീക്ഷത്തട്ടിപ്പ് തടയാൻ ഫെബ്രുവരിയിൽ പാസാക്കിയ നിയമം കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നതായും പുതിയ നിയമപ്രകാരം ചോദ്യപ്പേപ്പർ ചോർത്തിയാൽ മൂന്നു മുതൽ അഞ്ച് വർഷം വരെ ജയിൽശിക്ഷയും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എല്ലാ കുറ്റങ്ങൾക്കും ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്യും.
അതേസമയം, എൻ.ടി.എ നടത്തിയ നെറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഒരാളെ സിബിഐ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കുഷിനഗറിൽ നിന്നുള്ള നിഖിൽ എന്നയാളെ ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം പിടികൂടി. രാജസ്ഥാനിലെ കോട്ടയിൽ പരീക്ഷാ തയാറെടുപ്പ് നടത്തുകയായിരുന്നു ഇയാൾ.