ജില്ലയില്‍ മഴമാപിനികള്‍ മുഖേന കാലവര്‍ഷത്തിന്റെ കണക്ക് ശേഖരിക്കുന്നു

കാലവര്‍ഷകാലത്ത് ജില്ലയില്‍ എത്രമാത്രം മഴ ലഭിച്ചുവെന്ന് വെളിപ്പെടുത്തിയത് മഴമാപിനികളിലൂടെയാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് മഴമാപിനികള്‍ ഉപയോഗിച്ച് ഈ വിവരശേഖരണം നടത്തുന്നത്. ജില്ലയില്‍ കളക്ടറേറ്റില്‍ ഉള്‍പ്പെടെ 200-ലധികം സ്ഥലങ്ങളില്‍ മഴമാപിനികള്‍ സ്ഥാപിച്ചിരിക്കുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഒരു പ്രദേശത്ത് നിശ്ചിത സമയത്തിനകം ലഭിക്കുന്ന മഴ അളക്കുകയാണ് മഴമാപിനിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ ജില്ലയുടെ വ്യത്യസ്ത ഭൂമിശാസ്ത്ര ഘടനകള്‍ അനുസരിച്ച് മഴയുടെ വ്യതിയാനവും സൂക്ഷ്മ കാലാവസ്ഥാ സ്വഭാവവും നിരീക്ഷിക്കാം. ഇത്തരം വിവരങ്ങള്‍ പ്രാപിച്ചു മുന്നറിയിപ്പുകള്‍ നല്‍കാനും പ്രാധാന്യമുണ്ട്.

മഴമാപിനികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സംഗ്രഹിക്കുന്നതിനായി “ഡിഎം സ്യൂട്ട്” എന്ന വെബ്സൈറ്റും ആപ്പും വികസിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി ഒരു ജില്ലയില്‍ മഴമാപിനി വെബ്സൈറ്റ് പ്രയോജനപ്പെടുത്തുന്നു. മഴമാപിനികള്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ആപ്പ് മുഖേന ലഭ്യമാകുന്നതിനാല്‍ വേഗത്തില്‍ മഴ മാപ്പ് നിര്‍മിക്കാനാകും.

ഓരോ പ്രദേശങ്ങളിലും ലഭിക്കുന്ന മഴയുടെ അളവ് കണക്കാക്കി റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കാനാവും. മേപ്പാടി, ബ്രഹ്മഗിരി, കമ്പമല്ല, മക്കിമല, ബാണാസുര, സുഗന്ധഗിരി, ലക്കിടി എന്നിവിടങ്ങളിലും കുറഞ്ഞ അളവില്‍ മഴ ലഭിക്കുന്ന മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പ്രദേശങ്ങളിലും മഴമാപിനികളിലൂടെ നിരീക്ഷണം നടത്തുന്നു.

600 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ തുടർച്ചയായി ലഭിക്കുന്ന പ്രദേശം മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള ദുര്‍ബല പ്രദേശമായി കണക്കാക്കുന്നു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ തിരിച്ചറിയാന്‍ മഴമാപിനി ഉപകരിക്കും. പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതിലൂടെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനാകും എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഖലശ്രീ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version