വയനാട്: ദുരന്തത്തിൽ രക്ഷപെട്ടവർക്ക് അടിയന്തരമായി വൈദ്യസഹായം നൽകുന്നതിന്, ചൂരൽമലയിലെ കൺട്രോൾ റൂമിന്‍റെ കേന്ദ്രീകരിച്ച് ഓക്‌സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യങ്ങൾ ഒരുക്കാനുള്ള തീരുമാനമാണ് ബുധനാഴ്ച വയനാട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിൽ എടുത്തത്. വിവരങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കാനും തീരുമാനിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
യോഗത്തിൽ, ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും നിയോഗിക്കുമെന്നും, കോഴിക്കോട്, തലശ്ശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം ചികിത്സയ്ക്കായി വരാൻ തയ്യാറാണെന്നും സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി വെള്ളം വിതരണം ചെയ്യുന്നതിനും ആരോഗ്യ ടീമുകളെ നിയോഗിക്കുന്നതിനും സജ്ജീകരണങ്ങൾ ഒരുക്കിയതായും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
ചൂരൽമലയിലെ ജെസിബി നിൽക്കുന്ന സ്ഥലത്ത് നിന്ന് കൺട്രോൾ റൂം വരെയുള്ള പ്രദേശങ്ങളിൽ ആവശ്യമായ ലൈറ്റ് സംവിധാനങ്ങൾ ഒരുക്കുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന രക്ഷാപ്രവർത്തനങ്ങൾക്ക് അസ്‌ക വിളക്കുകൾ എത്തിച്ചതിലൂടെ വലിയ സഹായം ലഭിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, വി അബ്ദുറഹ്‌മാൻ, കെ കൃഷ്ണൻകുട്ടി, ജി ആർ അനിൽ, ഒ ആർ കേളു, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥൻ സീരാം സാംബശിവറാവു, എഡിഎം കെ ദേവകി എന്നിവർ പങ്കെടുത്തു.