വിദഗ്ധ സംഘം 19ന് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് താല്‍ക്കാലിക പുനരധിവാസത്തിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി രൂപീകരിച്ചതായി മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ. രാജന്‍, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഒരു ഡെപ്യൂട്ടി കളക്ടര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ അംഗങ്ങളും വൈത്തിരി തഹസില്‍ദാര്‍ കണ്‍വീനറുമായ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
താല്‍ക്കാലിക പുനരധിവാസത്തിനായി തദ്ദേശ സ്വയംഭരണവകുപ്പ് 41 കെട്ടിടങ്ങളും പൊതുമരാമത്ത് വകുപ്പ് 24 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ 65 കെട്ടിടങ്ങള്‍ ഉപയോഗ സജ്ജമാക്കിക്കഴിഞ്ഞു. ഇതിനു പുറമെ, അറ്റകുറ്റപണികള്‍ക്കു ശേഷം ഉപയോഗിക്കാവുന്ന 34 കെട്ടിടങ്ങളും താല്‍ക്കാലിക പുനരധിവാസത്തിനായി കണ്ടെത്തിയിട്ടുണ്ട്. വാടകനല്‍കി ഉപയോഗിക്കാവുന്ന 286 വീടുകള്‍ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, കല്‍പ്പറ്റ, അമ്പലവയല്‍, മുട്ടില്‍ എന്നിങ്ങനെ ആറു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി വാടകവീടുകള്‍ കണ്ടെത്താനാണ് തീരുമാനം. കണ്ടെത്തിയ കെട്ടിടങ്ങള്‍ താമസയോഗ്യമാണോ, ആവശ്യമായ വീട്ടുപകരണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സമിതി പരിശോധിക്കും. വാടക സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ഹാരിസണ്‍ മലയാളം കമ്പനി 102 തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കാം എന്നറിയിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ സൗകര്യമടക്കമുള്ളവ സമിതി പരിശോധിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കും. താല്‍ക്കാലിക പുനരധിവാസത്തിന് വിശദമായ രൂപരേഖ തയാറാക്കും.ഉരുള്‍പൊട്ടല്‍ ദുരന്തത്തിനുശേഷമുള്ള പ്രദേശത്തെ അവസ്ഥയും ദുരന്തസാധ്യതകളും വിലയിരുത്തുന്നതിനായി ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായി അടങ്ങുന്ന അഞ്ചംഗ വിദഗ്ധസംഘം ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല എന്നീ പ്രദേശങ്ങള്‍ ഓഗസ്റ്റ് 19ന് സന്ദര്‍ശിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
ദുരന്തത്തെ തുടര്‍ന്ന് ഇതുവരെ 229 മരണം സ്ഥിരീകരിച്ചു. 198 ശരീരഭാഗങ്ങള്‍ കണ്ടെത്തി. മൂന്നു മൃതദേഹവും ഒരു ശരീര ഭാഗവും ശനിയാഴ്ച സംസ്‌കരിച്ചു. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി 119 രക്തസാമ്പിളുകള്‍ ശേഖരിച്ചു. ജനകീയ തെരച്ചില്‍ ഞായറാഴ്ച രാവിലെ പുനരാരംഭിക്കുമെന്നും മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കി. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയും പങ്കെടുത്തു.