സർക്കാർ സഹായമില്ലാതെ സൗജന്യ ജലവിതരണം നീണ്ടുനിൽക്കില്ല.

ദരിദ്ര വിഭാഗങ്ങൾക്ക് സൗജന്യ ജലവിതരണം തുടരുന്നത് സ്ഥാപനത്തിന് വലിയ സാമ്പത്തിക ബാധ്യതയാകുന്ന സാഹചര്യത്തില്‍, ഇത് തുടരുന്നത് ബുദ്ധിമുട്ട് വരുത്തുമെന്ന് ജല അതോറിറ്റി സര്‍ക്കാരിനെ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഇതുമായി ബന്ധപ്പെട്ട് നേരത്തെ ജലവിഭവ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് അതോറിറ്റി കത്ത് നല്‍കിയിരുന്നു.

അതോറിറ്റിയുടെ കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിലും ഈ വിഷയം ചർച്ചയായി. പ്രതിമാസം 10 മുതല്‍ 12 കോടി രൂപ വരെ അധികബാധ്യത ഉയര്‍ന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ വിഹിതം നല്‍കാതെ ഈ പദ്ധതി തുടരാനാവില്ലെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ പണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനും തീരുമാനിച്ചു.

സര്‍ക്കാര്‍ വിഹിതം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സൗജന്യം തുടരാനാകില്ലെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. വെള്ളക്കരം ഇനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍, സര്‍ക്കാര്‍-പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് കോടികള്‍ കിട്ടാക്കടമാണെന്നും കെ.എസ്.ഇ.ബിയുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ ഇടപെടാറുള്ള സര്‍ക്കാര്‍, ജല അതോറിറ്റിയുടെ കാര്യത്തില്‍ മൗനമാണെന്നും അതോറിറ്റി വ്യക്തമാക്കി.

ജല അതോറിറ്റിക്ക് നോണ്‍ പ്ലാൻ ഗ്രാന്റ് അനുവദിക്കുന്നില്ല. സമ്പത്തിക ഞെരുക്കത്തിനിടെ സൗജന്യ ജലവിതരണം വലിയ നഷ്ടം ഉണ്ടാക്കുന്നതായി അതോറിറ്റി പറയുന്നു. ഈ വര്‍ഷം ദരിദ്ര വിഭാഗങ്ങള്‍ക്കുള്ള സൗജന്യ ജലവിതരണത്തിന് 10 ലക്ഷം അപേക്ഷകള്‍ ലഭിച്ചതായും അതോറിറ്റി പറയുന്നു. ബി.പി.എല്‍ സബ്സിഡിക്ക് തുല്യമായ ഗ്രാന്റ് അനുവദിക്കാനോ, നോണ്‍ പ്ലാൻ ഗ്രാന്റ് കൃത്യമായി നല്‍കാനോ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

മാരകരോഗമുള്ളവര്‍, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവർക്കായി പുതുക്കിയ വെള്ളക്കരത്തില്‍ ഇളവ് നല്‍കുന്നതിന് യോഗം അംഗീകാരം നല്‍കി. 40 ശതമാനം ഓട്ടിസം ബാധിച്ചവരുള്ള കുടുംബം, 40 ശതമാനമോ കൂടുതലോ അംഗവൈകല്യം ബാധിച്ചവരുള്ള കുടുംബം എന്നിവരുടെ വാർഷിക വരുമാനം രണ്ടു ലക്ഷത്തില്‍ താഴെ, പ്രതിമാസ ഉപഭോഗം 15 കിലോലിറ്ററില്‍ താഴെയുമാണെങ്കില്‍ 50 ശതമാനം ഇളവ് അനുവദിക്കാനാണ് തീരുമാനം.

അനാഥാലയങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍ എന്നിവയ്ക്ക് 60 കിലോലിറ്റര്‍ വരെ പ്രതിമാസ ഉപയോഗത്തിന് വര്‍ധിപ്പിച്ച വെള്ളക്കരത്തില്‍ 50 ശതമാനം ഇളവ് ലഭിക്കും. സര്‍ക്കാര്‍ അനുമതിയോടെ ഇത് നടപ്പാക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version