Posted By Anuja Staff Editor Posted On

കന്നുകാലികള്‍ക്കും കരുതല്‍;അതിജീവനവഴിയില്‍ കര്‍ഷകര്‍

ദുരന്തമേഖലയില്‍ ഒറ്റപ്പെട്ടതും അലഞ്ഞുതിരിഞ്ഞതുമായ കന്നുകാലികള്‍ക്കും അതിജീവനത്തിന് വഴിയൊരുങ്ങി. കന്നുകാലികള്‍ക്കുള്ള തീറ്റ, ആരോഗ്യപരിരക്ഷ എന്നിവയെല്ലാം മൃഗസംരക്ഷണവകുപ്പിന്റെയും ക്ഷീരവികസന വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ നടക്കുന്നു. ദുരന്തത്തെതുടര്‍ന്ന് ഒറ്റപ്പെട്ട കന്നുകാലികള്‍ക്ക് ക്ഷീര വികസന വകുപ്പിന്റെ ഇടപെടലുകളെ തുടര്‍ന്ന് ആഗസ്റ്റ് ആദ്യം മുതല്‍ തീറ്റപുല്ലും വൈക്കോലും തീറ്റ വസ്തുക്കളും നല്‍കുന്നുണ്ട്. പശുക്കള്‍ക്കും കന്നുകാലികള്‍ക്കുമുള്ള താല്‍ക്കാലിക ക്യാമ്പ് ചൂരല്‍മലയില്‍ മുമ്പേ ഒരുക്കിയിരുന്നു. തൊഴുത്തില്‍ കെട്ടിയിട്ട് വളര്‍ത്തുന്ന കന്നുകാലികളേക്കാള്‍ കുന്നുകളിലും തേയിലത്തോട്ടങ്ങളുടെ ഒഴിഞ്ഞ ഭാഗങ്ങളിലും മേഞ്ഞു നടക്കുന്ന നാടന്‍ ഇനം കന്നുകാലികളാണ് ഇവിടെ ഏറെയുള്ളത്. രാവിലെ പാല്‍ കറവ കഴിഞ്ഞാല്‍ ഇവയെ കൂട്ടത്തോടെ മേയാന്‍ വിടുന്നതാണ് കര്‍ഷകരുടെ ശീലം. ഇത്തരത്തിലുള്ള കന്നുകാലികളാണ് ഇവിടെയുള്ളതെന്നതിനാല്‍ ഇവയെ താല്‍ക്കാലിക ഷെഡ്ഡിനുള്ളില്‍ പിടിച്ചുകെട്ടിയിടുക എന്നത് അധികൃതര്‍ക്കും വെല്ലുവിളിയായിരുന്നു. ഇക്കാരണത്താല്‍ ഈ കന്നുകാലികള്‍ക്കുള്ള തീറ്റയും പരിചരണവും മേച്ചില്‍ പുറങ്ങളില്‍ എത്തിക്കുന്ന രീതിയാണ് മൃഗസംരക്ഷണ വകുപ്പ് പിന്തുടര്‍ന്നത്. ഇവിടെയുള്ള കന്നുകാലികളെ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിനും പല ഉടമസ്ഥരെത്തി വിലക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവിടെ തന്നെ കന്നുകാലികള്‍ക്ക് അധികൃതര്‍ അതിജീവനമൊരുക്കുന്നത്. കെട്ടിയിടാതെ വളര്‍ത്തിയിരുന്ന കന്നുകാലികളാണ് ഏറെയും ഇവിടെ ദുരന്തത്തെ അതിജീവിച്ചത്. *മുടങ്ങില്ല പരിചരണം* ചൂരല്‍മല ക്ഷീര സംഘം പരിസരത്ത് വില്ലേജ് റോഡിന് ചേര്‍ന്നാണ് കന്നുകാലികള്‍ക്കായി ക്യാമ്പ് തുടങ്ങിയത്. അലഞ്ഞു തിരിഞ്ഞു നടക്കുന്നതും ഉടമസ്ഥര്‍ ക്യാമ്പിലായതുമായ എല്ലാ ഉരുക്കളെയും മാറ്റി പാര്‍പ്പിക്കുന്നതിനാണ് ഇവിടെ സംവിധാനം ഒരുക്കിയത്. 50 കന്നുകാലികളെ വരെയും ഒരേ സമയം പാര്‍പ്പിക്കാന്‍ ഈ ക്യാമ്പില്‍ സൗകര്യം ഒരുക്കിയിരുന്നു. ക്ഷീരസംഘം പ്രസിഡന്റ്, സെക്രട്ടറി, ക്ഷീര കര്‍ഷകര്‍, വാര്‍ഡ് മെമ്പര്‍മാര്‍, ക്ഷീര വികസന വകുപ്പിലെയും മൃഗ സംരക്ഷണ വകുപ്പിലെയും ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തിലാണ് ഈ ക്യാമ്പുകള്‍ സജ്ജീകരിച്ചത്. 2500 കിലോ ചോളത്തണ്ട് ക്ഷീര വികസന വകുപ്പ് മുഖേന ഇവിടെ എത്തിച്ച് നല്‍കിയിരുന്നു. മൃഗ സംരക്ഷണ വകുപ്പ് ജില്ലാ മേധാവിയുടെ നിര്‍ദേശ പ്രകാരം ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ഉറപ്പാക്കിയിരുന്നു.*മേച്ചില്‍ പുറങ്ങളിലും പരിരക്ഷ*മുണ്ടക്കൈ അട്ടമല തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ കന്നുകാലികളെ ഈ ക്യാമ്പിലേക്ക് മാറ്റുന്നതിന് എതിര്‍പ്പ് പ്രകടപ്പിച്ചിരുന്നു. തുറസ്സായ സ്ഥലങ്ങളില്‍ മേഞ്ഞു നടക്കുന്ന ശീലമുള്ള ഈ കന്നുകാലികള്‍ക്ക് അവിടെ തന്നെ തീറ്റ ലഭ്യമാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഈ ആവശ്യം പരിഗണിച്ചാണ് ബെയ്‌ലി പാലം കടന്ന് ഈ ഭാഗത്തേക്കും കന്നുകാലികള്‍ക്കുള്ള തീറ്റയും പരിചരണവും ഇവിടെയും ഉറപ്പാക്കിയത്.ക്ഷീര വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചൂരല്‍ മല ക്ഷീര സംഘത്തിലുള്ള ക്ഷീര കര്‍ഷകര്‍ സങ്കരയിനം പശുക്കളെ പരിചരിക്കുന്നവരാണ്. ദുരന്ത മുഖത്ത് നിന്ന് രക്ഷപെട്ടു ക്യാമ്പില്‍ കഴിയുന്ന ഇത്തരം കര്‍ഷകരുടെ പശുക്കളെ കന്നുകാലി ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിക്കുകയും കാലിത്തീറ്റ, പച്ചപ്പുല്ല്, വൈക്കോല്‍, സൈലേജ് എന്നിവ ലഭ്യമാക്കുകയും ചെയ്തു. ചൂരല്‍മല സംഘത്തില്‍ പാല്‍ സംഭരണം 250 ലിറ്ററിലേക്ക് ഉയര്‍ത്താനും കഴിഞ്ഞു. പാല്‍ സംഭരണം ഇവിടെ സാധാരണ നിലയിലേക്ക് എത്തിക്കാനും കഴിഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version