ഉരുള്‍പൊട്ടല്‍ ശാസ്ത്രീയവും സമഗ്രവുമായ പഠനം നടത്തും: പി.ഡി.എന്‍.എ സംഘം വിവിധ മേഖലകളില്‍ പഠനം ആരംഭിച്ചു

ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സമഗ്രവും ശാസ്ത്രീയവുമായ പഠനമാണ് പി.ഡി.എന്‍.എ (Post Disaster Needs Assessment)
സംഘം നടത്തുന്നതെന്ന് ടീം ലീഡര്‍ സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.ആര്‍ പ്രദീപ്കുമാര്‍ പറഞ്ഞു. ജില്ലയിലെ ദുരന്താനന്തര ആവശ്യങ്ങള്‍ കണക്കാക്കുന്നതിന് ദേശീയസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം, വിവിധ വകുപ്പുകളുമായി പി.ഡി.എന്‍.എ സംഘം നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഉരുള്‍പൊട്ടലില്‍ സമഗ്രതല സ്പര്‍ശിയായ പഠനമാണ് സംഘം ഉദ്ദേശിക്കുന്നത്. ദുരന്തബാധിതരായ മുഴുവനാളുകള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ഹ്രസ്വ ഇടക്കാല ദീര്‍ഘകാല വീക്ഷണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രൊഫ.ആര്‍ പ്രദീപ്കുമാര്‍ വ്യക്തമാക്കി. ദുരന്തവുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലകളിലും സമഗ്ര നിരീക്ഷണം ആവശ്യമാണെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ വിപുലമായ കാഴ്ചപ്പാടുകള്‍ സ്വീകരിക്കണം. നാശനഷ്ടം കണക്കാക്കുമ്പോള്‍ പഴയ മാനദണ്ഡങ്ങള്‍ ഉപയോഗിക്കാതെ യഥാര്‍ത്ഥ നഷ്ടം വിലയിരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനം ഇന്നുവരെ നേരിട്ടിട്ടില്ലാത്ത വലിയ ദുരന്തമാണ് ജില്ലയില്‍ സംഭവിച്ചത്. ജനങ്ങളുടെ ജീവനോപാധിക്ക് പ്രാധാന്യം കൊടുക്കണം. ഉപജീവന മേഖലയില്‍ വളരെ ചെറിയ സംരംഭങ്ങള്‍ ഉള്ളവരെയും സംരക്ഷിക്കേണ്ടതുണ്ട്. എല്ലാവരെയും ഉള്‍കൊള്ളുന്ന വളരെ അഭികാമ്യമായ പുനരധിവാസമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ടൗണ്‍ഷിപ്പ് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ വരണം. സംസ്ഥാന സര്‍ക്കാര്‍ വളരെ പ്രാധാന്യത്തോടെയാണ് സംഘത്തിന്റെ പഠനത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.ജില്ലയില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ കാണണമെന്ന് ടി സിദ്ധിഖ് എം.എല്‍.എ പറഞ്ഞു. വിവിധ രാജ്യങ്ങളിലും, ഇതര സംസ്ഥാനങ്ങളിലും ജോലിക്കും പഠനത്തിനും പോയവരെ ഉള്‍പ്പെടെ ദുരന്ത ബാധിതരായ മുഴുവന്‍ ആളുകളെയും പരിഗണിക്കണം. ദുരന്തത്തിന് ശേഷം രക്ഷാ പ്രവർത്തനവും താൽക്കാലിക പുനരധിവാസവും വളരെ വേഗത്തില്‍ നടപ്പാക്കാനായി. സ്ഥിര പുനരാധിവാസം, ജീവനോപാധി ഉള്‍പ്പെടെയുള്ള മൂന്നാംഘട്ടത്തില്‍ വിദഗ്ധരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വളരെ പ്രാധാന്യമുള്ളതാണെന്നും എം.എല്‍.എ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നേരിട്ടും അല്ലാതെയുമുള്ള ആഘാതങ്ങള്‍ വിലയിരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. ദുരന്തത്തില്‍ വിവിധ മേഖലകളിലായി തൊഴില്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണെന്നും കളക്ടര്‍ വ്യക്തമാക്കി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് ദുരന്തം സംഭവിച്ച ദിവസം മുതല്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍, ദുരന്തത്തിന്റെ വ്യാപ്തി, നഷ്ടങ്ങള്‍, വിവിധ സംവിധാനങ്ങള്‍, ഫോഴ്‌സുകള്‍ നടത്തിയ വിവിധ കാര്യങ്ങള്‍ അവതരിപ്പിച്ചു. പി.ഡി.എന്‍.എ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 31 വരെ വിവിധ മേഖലകളിലായി നടക്കും. മാര്‍ഗ്ഗനിര്‍ദ്ദേശവും സാങ്കേതിക സഹായവും നല്‍കുന്നതിന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സംഘവും ജില്ലയിലുണ്ട്.കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, എ.ഡി.എം കെ ദേവകി, അസിസ്റ്റന്റ് കളക്ടര്‍ എസ് ഗൗതം രാജ്, ദേശീയസംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗങ്ങള്‍, സി.ഡി.ആര്‍.ഐ, സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അര്‍ബന്‍ അഫയേഴ്‌സ് പ്രതിനിധികള്‍, മറ്റ് ഏജന്‍സികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍   പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version