വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വയനാടിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഭാഗികമായി തുറക്കുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വനവകുപ്പ് കേന്ദ്രങ്ങൾ തുറക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഫിബ്രവരി 17-ന്, വനം വകുപ്പിലെ താൽക്കാലിക വാച്ചറായ പോളിനെ ആന ചവിട്ടി കൊന്നതിനെതിരെ പുല്പള്ളിയിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രങ്ങൾ അടച്ചിട്ടത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
സൂചിപ്പാറ, ചെമ്പ്രാപീക്ക്, കുറുവ, മീൻമുട്ടി, തോൽപെട്ടി, മുത്തങ്ങ, ബ്രഹ്മഗിരി മല, മുനീശ്വരൻകുന്ന് എന്നിവയുള്‍പ്പെടെ പ്രധാന കേന്ദ്രങ്ങൾ ഇനി ഭാഗികമായി തുറക്കാനാണ് നീക്കം. അതേസമയം, സന്ദര്‍ശകരുടെ എണ്ണത്തിലും പ്രവേശനചാര്‍ജിലുമുള്ള നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.
ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രവേശനം ഓണ്‍ലൈനിലൂടെ സജ്ജമാക്കാനും നിരീക്ഷണ ചുമതലകളും മുഴുവൻ വി.എസ്.എസ്, ഇ.ഡി.സി പോലുള്ള സംഘടനകളുടെ നിയന്ത്രണത്തിലാക്കാനുള്ള സാധ്യതയും പരിഗണനയിലാണ്. ഇതോടെ ടിക്കറ്റിനായി കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനാകും.
കേന്ദ്രങ്ങൾ അടച്ചതിനെത്തുടർന്ന് പ്രദേശത്തെ ടാക്‌സി ഡ്രൈവർമാരും ഹോട്ടൽ ജീവനക്കാരും ചെറുകിട വ്യാപാരികളും വലിയ സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നു. ഇപ്പോൾ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതോടെ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് വയനാട്.