പാർട്ടികൾ അങ്കത്തട്ടിൽ; പോരാട്ടം ശക്തമാകുന്നു!

 ഇനി ഒരു മാസം സംസ്ഥാനത്ത് രാഷ്ട്രീയ അങ്കക്കലിയുടെ നാളുകള്‍. നടക്കുന്നത് ഉപതെരഞ്ഞെടുപ്പാണെങ്കിലും ഇക്കുറി പോരിന് പൊതുതെരഞ്ഞെടുപ്പിനോളം പോന്ന ചൂടും ചൂരുമുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

കാരണം, ഭരണ-പ്രതിപക്ഷ പോര് പാരമ്യത്തില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് വോട്ടെടുപ്പ്. പ്രിയങ്കയുടെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രം വയനാട് ലോക്സഭാ മണ്ഡലത്തിലെ പോരിന് ദേശീയ ശ്രദ്ധ കിട്ടും. രാഹുല്‍ ഒഴിഞ്ഞ സീറ്റില്‍ സഹോദരി പ്രിയങ്ക കന്നി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുമ്ബോള്‍ വയനാട് ഗാന്ധി കുടുംബത്തിന്‍റെ തട്ടകമായി മാറുന്നെന്നത് കൂടി ഉപതെരഞ്ഞെടുപ്പിന്‍റെ സവിശേഷതയാണ്.

എല്ലാവരും ഉറ്റുനോക്കുന്ന പോരാട്ടം പാലക്കാട്ടാണ്. കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റില്‍ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ബി.ജെ.പി രണ്ടാം സ്ഥാനത്താണ്. ഷാഫി പറമ്ബിലിനെ രാജിവെപ്പിച്ച്‌ വടകരയില്‍നിന്ന് ലോക്സഭയിലേക്കയച്ച കോണ്‍ഗ്രസിന് ഇവിടെ ജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല. പാലക്കാട്ട് ബി.ജെ.പി ജയിക്കുകയാണെങ്കില്‍ ബി.ജെ.പിക്ക് എം.എല്‍.എയെ സമ്മാനിച്ചതിന്‍റെ പാപഭാരം കോണ്‍ഗ്രസിന്‍റെ തലയില്‍ വരുമെന്നത് മാത്രമല്ല, പെട്ടെന്ന് ഒഴിഞ്ഞുപോവുകയുമില്ല. തൃശൂർ ജയത്തിന്‍റെ ആവേശത്തില്‍ പാലക്കാട്ടും ബി.ജെ.പി വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സി.പി.എമ്മിന് തിരിച്ചുവരേണ്ടത് നിലനില്‍പിന്‍റെ പ്രശ്നമാണ്.

അതിനേക്കാളേറെ സി.പി.എമ്മിന്‍റെ ചങ്കിടിക്കുന്നത് ചേലക്കരയിലാണ്. മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍റെ സിറ്റിങ് സീറ്റ് കൈവിട്ടാലുള്ള ക്ഷീണം ചെറുതല്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം പിണറായിക്കെതിരായ ഭരണവിരുദ്ധ വികാരമെന്നാണ് യു.ഡി.എഫ് അവകാശപ്പെട്ടത്. ചേലക്കര പിടിച്ചെടുക്കാനായാല്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന് സ്ഥാപിച്ചെടുക്കാൻ പ്രതിപക്ഷത്തിന് കഴിയും. കാല്‍ നൂറ്റാണ്ടിലേറെ കൈവശം വെക്കുന്ന ചേലക്കരയില്‍ പാർട്ടി പരാജയപ്പെട്ടാല്‍ പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങളില്‍ പരിക്കേറ്റ പിണറായി വിജയൻ ഒന്നുകൂടി പ്രതിരോധത്തിലാകും.

തൃശൂർ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ബി.ജെ.പി വലിയ ആവേശത്തിലാണ്. പാലക്കാട്ട് അവർ വിജയപ്രതീക്ഷ പുലർത്തുന്നുണ്ട്. അതു സംഭവിച്ചാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കാതലായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വലിയ കുതിപ്പായി മാറും. പ്രചാരണത്തില്‍ മുഖ്യവിഷയവും അതാകാനാണ് സാധ്യത. ഇടതു-വലതു മുന്നണികള്‍ പരസ്പരം ബി.ജെ.പി ഡീല്‍ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. സ്ഥാനാർഥി നിർണയത്തില്‍ പാർട്ടികള്‍ ഏറക്കുറെ തീർപ്പിലെത്തിയിട്ടുണ്ട്. പ്രഖ്യാപനം വൈകില്ല. പാലക്കാട്ടും ചേലക്കരയിലും പാർട്ടികള്‍ രണ്ടു മാസം മുമ്ബുതന്നെ ബൂത്ത് തലത്തില്‍ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ സജീവമാണെന്നത് താഴെ തട്ടിലടക്കം പോരാട്ടം കനക്കുമെന്നതിന്‍റെ സൂചനകളാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version