സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും അനുമതി നല്‍കാനുള്ള നടപടികള്‍ ലളിതമാക്കാന്‍ സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ കൈക്കൊണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടാലും ഗ്രാമപഞ്ചായത്തുകളില്‍ 10 സെന്‍റിലും നഗരസഭകളില്‍ 5 സെന്‍റിലും വീട് നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ, അനുമതിയുമായി ബന്ധപ്പെട്ട അനാവശ്യ തടസ്സങ്ങള്‍ ഒഴിവാകുമെന്ന പ്രതീക്ഷയാണുള്ളത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സ്വന്തമായി ഭൂമി ഉണ്ടായിട്ടും അനുമതി സംബന്ധിച്ച വൈകിപ്പിക്കലുകളും തടസ്സവാദങ്ങളും കാരണം വീട് നിര്‍മ്മിക്കാന്‍ സാധിക്കാത്ത നിരവധി കുടുംബങ്ങളുണ്ട്. 2018-ല്‍ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടും അതിന്റെ ആനുകൂല്യം സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥ തുടരുകയാണ്. അതിനാൽ, 10 സെന്‍റില്‍ കവിയാത്ത ഡേറ്റാ ബാങ്കിന് പുറത്തുള്ള ഭൂമിയില്‍ 1291.67 ചതുരശ്ര അടിവരെ വീട് നിര്‍മിക്കാന്‍ തരംമാറ്റം ആവശ്യമില്ലെന്നത് ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിർബന്ധമായും നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതോടൊപ്പം, 5 സെന്‍റിനുള്ളില്‍ 430.56 ച.അടി വിസ്തീര്‍ണ്ണത്തിലുള്ള വാണിജ്യ കെട്ടിടങ്ങള്‍ നിര്‍മിക്കാനായി തരംമാറ്റം ആവശ്യമില്ല. അപേക്ഷയോടൊപ്പം ആ ഭൂമി ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതിന്റെ സാക്ഷ്യപത്രം തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് നല്‍കിയാല്‍ മതിയാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നീതിപൂര്‍വ്വമായ അവകാശങ്ങള്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചിട്ടും അനാവശ്യമായി കാലതാമസം വരുത്തുന്നതും ആവശ്യക്കാരെ അറിയിക്കാതെ അവഗണിക്കുന്നതും ഗുരുതരമായ അനാസ്ഥയാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.