കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി കേരളത്തിനായി മൂന്നു ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമിറ്റിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കവേയാണ് കേന്ദ്രമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ റോഡ് വികസനത്തിനായി 50,000 കോടി രൂപയുടെ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
രാജ്യാന്തര നിലവാരത്തിലുള്ള റോഡ് വികസന പദ്ധതികളുടെ ഭാഗമായി 896 കിലോമീറ്റർ ദൈർഘ്യമുള്ള 31 പുതിയ പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്-പാലക്കാട് ദേശീയപാത (966) നാലുവരിയാക്കാനുള്ള പദ്ധതിയും ഗഡ്കരി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പാത 120 കിലോമീറ്റർ നീളമുള്ളതായിരിക്കും, 10,814 കോടി രൂപയാണ് ഇതിന് ചിലവു പ്രതീക്ഷിക്കുന്നത്. മൂന്ന് മാസത്തിനകം പ്രവൃത്തികൾ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വടക്കൻ കേരളം വ്യവസായ നഗരമായ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്നതിൽ ഈ പാത നിർണായകമാകും.
എറണാകുളം ജില്ലയിലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള ദേശീയപാത 544ന്റെ ബൈപ്പാസ് ആറുവരിയാക്കുന്നതിന് 6,500 കോടി രൂപ ചെലവഴിക്കും. 45 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിയുടെ നിർമാണ പ്രവർത്തനം ആറുമാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിന്റെ നിർമാണം നാലഞ്ച് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും പദ്ധതിക്കായി 5,000 കോടി രൂപ നീക്കിവച്ചിരിക്കുന്നതായും ഗഡ്കരി വ്യക്തമാക്കി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഈ പാത സംസ്ഥാനത്തിന് സാമ്പത്തിക വളർച്ചയുടെ ഭാഗമായി മാറും.
കോളത്തെയും തമിഴ്നാട്ടിലെ ചെങ്കോട്ട, തെങ്കാശി, തിരുനൽവേലി എന്നീ പ്രധാന നഗരങ്ങളുമായി നേരിട്ടുള്ള ബന്ധം സജ്ജമാക്കുന്നതിനായി 38.6 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയും നിർമിക്കും. ഇതിനായി 300 കോടി രൂപ വകയിരുത്തിയതായും ഗഡ്കരി അറിയിച്ചു.
കേരളത്തിന്റെ വിനോദസഞ്ചാര മേഖല വളർന്നുവരുന്ന വിപുലമായ സാധ്യതകളുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി, റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ടൂറിസം മേഖലയിലെ വളർച്ചയെ കൂടുതൽ ഉജ്ജീവിതമാക്കാമെന്നും വ്യക്തമാക്കി.