തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യേണ്ട പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും തടസ്സം നേരിടുന്നു. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ കോടികളാണ് കുടിശികയായി നിലനില്‍ക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. ആവശ്യമായ തുക ലഭിക്കാതെ അപേക്ഷകര്‍ കാത്തിരിക്കുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2018 മാര്‍ച്ച് മുതൽ അടിയന്തര അധിവര്‍ഷാനുകൂല്യത്തിനായി 3,30,207 അപേക്ഷകള്‍ ലഭിച്ചെങ്കിലും 400 കോടി രൂപയ്ക്കുമേൽ കുടിശിക തുടരുകയാണ്. വിവാഹ ധനസഹായം, പ്രസവ ധനസഹായം തുടങ്ങിയ സഹായങ്ങള്‍ നല്‍കാനുളള തുകയും വന്‍കിട കുടിശികയായി തുടരുന്നു. കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2023 നവംബര്‍ മുതലുള്ള പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള തുക ഇതുവരെ ലഭ്യമാക്കിയിട്ടില്ല. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലും കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലും മൂന്ന് മാസത്തെ പെന്‍ഷന്‍ തുക കുടിശികയായി തുടരുന്നു. **അസംഘടിത മേഖലകളും പ്രതിസന്ധിയിലാകും** അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ 2024 നവംബര്‍ വരെയുള്ള പെന്‍ഷന്‍ വിതരണം ചെയ്തിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, വിവാഹ ധനസഹായം, ചികിത്സാ ധനസഹായം, മരണാനന്തര സഹായം തുടങ്ങി നിരവധി വിഭാഗങ്ങളിലായി ലക്ഷങ്ങളുടെ തുക കാത്തുനില്ക്കുകയാണ്. കേരള ബീഡി, ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മാത്രം മൂന്നുമാസത്തെ പെന്‍ഷന്‍ കുടിശിക 1.80 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. ഇതോടെ നിരവധി തൊഴിലാളികള്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പ്രതിസന്ധിയിലാവുന്ന സാഹചര്യമാണ്. അനുദാന തുക നേരത്തെ അനുവദിക്കാത്തത് കൊണ്ട് തന്നെ പല തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലും ആനുകൂല്യങ്ങളുടെ വിതരണം പ്രതിസന്ധിയിലാണെന്നും കുടിശിക തീര്‍ക്കുന്നതിനായി സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു.