സുല്‍ത്താൻ ബത്തേരി: നഗരത്തിന്റെ മുഖച്ഛായ മാറ്റി സുല്‍ത്താൻ ബത്തേരി നഗരസഭയുടെ സുന്ദര സംരംഭം. കാലാവധി കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ടിരുന്ന വാഹനങ്ങൾ ഇനി നിറങ്ങളണിഞ്ഞ് നഗരത്തിന്റെ അതിസുന്ദര ദൃശ്യമാകുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
നഗര ശുചിത്വത്തിൽ കാൽനൂറ്റാണ്ടിലധികം നിർണായക പങ്കുവഹിച്ച നഗരസഭയുടെ പഴയ ട്രാക്ടറും രോഗികൾക്കായി വർഷങ്ങളോളം സേവനം അനുഷ്ഠിച്ച താലൂക്ക് ആശുപത്രിയിലെ ആംബുലൻസുമാണ് ഇപ്പോൾ ആകർഷകമായ കലയാവിയിലൂടെ പുതുമയോടെ ബത്തേരിയുടെ ഭാഗമാകുന്നത്.
25 വർഷം നഗര ശുചീകരണ സേവനം നൽകിയ ട്രാക്ടർ നഗരസഭാ മൈതാനത്തിൽ നിറങ്ങൾ പകരുമ്പോൾ, അത് സിനിമാ സെറ്റിന് സമാനമായ കാഴ്ചപാടാണ് ഒരുക്കുന്നത്. അതേപോലെതന്നെ, നീണ്ടകാലം ആശുപത്രി കോംപൗണ്ടിൽ വെറും അവശിഷ്ടമെന്നോണം നിലകൊണ്ടിരുന്ന പഴയ ആംബുലൻസും കലയുടെ സ്പർശത്തോടെ അതിവിശിഷ്ടമായ കാഴ്ചയായി മാറിയിരിക്കുന്നു.
നഗരത്തിന്റെ പൊതു മതിലുകളും തെരുവുകളും വർണാഭമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം. വ്യാപാരികളും സന്നദ്ധ സംഘടനകളും കോളേജ് വിദ്യാർത്ഥികളും ചേർന്നാണ് നഗരസഭയുടെ ഈ സംരംഭം നടപ്പിലാക്കുന്നത്. കെഎസ്‌ആർടിസി ജില്ലാ ഡിപ്പോ പരിസരം, കോട്ടക്കുന്ന്, ചുങ്കം, സ്വതന്ത്രമൈതാനി, ട്രാഫിക് ജംഗ്ഷൻ, അസംപ്ഷൻ ജംഗ്ഷൻ, കോടതി പരിസരം തുടങ്ങിയ സ്ഥലങ്ങളിലും മനോഹര ചിത്രങ്ങൾ വരച്ച് നഗര സൗന്ദര്യവൽക്കരണം പുരോഗമിക്കുകയാണ്.
“ഹാപ്പി ഹാപ്പി ബത്തേരി” എന്ന ആപ്തവാക്യത്തിൽ മാലിന്യമുക്ത സന്ദേശം നൽകി നഗരത്തിന്റെ മുഖം മാറ്റിയിരിക്കുന്ന ഈ പ്രവർത്തനങ്ങൾക്ക് കലാകാരൻ റഷീദ് ഇമേജ് ആണ് നേതൃത്വമൊരുക്കിയത്. നഗരത്തിൽ സന്ദർശകർക്കും നിവാസികൾക്കും ഈ കലയാവികൾ ആകർഷക ദൃശ്യമാകുകയാണ്.