ചെമ്ബ്ര പീക്ക് ഇക്കോ ടൂറിസം കേന്ദ്രത്തിൽ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക വെട്ടിപ്പ് അന്വേഷിക്കുന്നതിൽ അട്ടിമറി ശ്രമം നടക്കുന്നതായി ആരോപണം. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട ചിലരും കോഴിക്കോട് കോൺഗ്രസ് നേതാവും സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന്, വനം വകുപ്പിലെ ഉന്നതർ ചില ഉദ്യോഗസ്ഥർക്കെതിരായി അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
2024 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചെമ്ബ്ര പീക്കിൽ നിന്ന് ലഭിച്ച ട്രക്കിങ് ഫീസ് തുക, ഏപ്രിലിലും സൗത്ത് വയനാട് ഡി.എഫ്.ഒയുടെ പ്രത്യേക അക്കൗണ്ടിൽ പ്രവേശിക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തറിയുന്നത്. 2021 ആഗസ്റ്റ് മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവിൽ 16,01,931 രൂപയുടെ കുറവ് കണ്ടെത്തിയതോടെ, അന്നത്തെ ഡി.എഫ്.ഒ ഷജ്ന കരീമിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി. നഷ്ടപ്പെട്ട തുക തിരിച്ചടപ്പിച്ചും മൂന്ന് വനം ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുമാണ് തുടർനടപടികൾ ആരംഭിച്ചത്.തുടർന്ന്, വനം വികസന ഏജൻസി (എഫ്.ഡി.എ)യും പിന്നീട് കോഴിക്കോട് വിജിലൻസ് ഫ്ലയിങ് സ്ക്വാഡും അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നുതവണ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും വിജിലൻസ് അധിക വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ, വെട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥരെ തന്നെ പ്രതിയാക്കാനുള്ള നീക്കമാണിപ്പോൾ നടക്കുന്നുവെന്നതാണ് പുതിയ ആരോപണം.ഇക്കാര്യങ്ങൾ ഉൾക്കൊണ്ട പരാതിയുമായി അസോസിയേഷൻ ഓഫ് ഗസറ്റഡ് ഫോറസ്റ്റ് ഓഫീസേഴ്സ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. വനം മാഫിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള ശ്രമങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരിക്കുകയാണ്.