കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ജയിൽചാടി മുഷിഞ്ഞ സംഭവത്തിൽ സംസ്ഥാന സർക്കാർ ഗൗരവപരമായ സമീപനമാണ് സ്വീകരിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് (റിട്ട.) സി.എൻ. രാമചന്ദ്രൻ നായരും മുൻ ഡി.ജി.പി ജേക്കബ് പുന്നൂസും അടങ്ങിയ പ്രത്യേക സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിച്ചു. നിലവിൽ പോലീസ് അന്വേഷണം നടക്കുന്നതിനോടൊപ്പം വകുപ്പുതല പരിശോധനയും നടക്കുകയാണ്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വിവിധ നടപടി ക്രമങ്ങള്‍ തീരുമാനിച്ചത്. ജയിലില്‍ സംഭവിച്ചത് അത്യന്തം ഗുരുതരമാണെന്നും അന്വേഷണത്തിനൊപ്പം ജയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ തിരക്ക് നിറഞ്ഞ ജയിലുകളുടെ പശ്ചാത്തലത്തിൽ കോട്ടയം, പത്തനംതിട്ട മേഖലകളിലായി പുതിയ സെൻട്രൽ ജയിലിന് സ്ഥലം കണ്ടെത്തുന്നതിനായി നടപടികൾ ആരംഭിക്കുമെന്ന് യോഗത്തിൽ പ്രഖ്യാപിച്ചു. കൂടാതെ അടുത്ത മൂന്ന് മാസത്തിനകം നാല് പ്രധാന ജയിലുകളിലും വൈദ്യുതി വേലി പൂർണ്ണമായി പ്രവർത്തനക്ഷമമാക്കാനും, സൂക്ഷ്മതല ദൃശ്യങ്ങൾ വരെ പകർത്താൻ കഴിയുന്ന ഇന്റലിജന്റ് സിസിടിവി സംവിധാനം സ്ഥാപിക്കാനുമാണ് തീരുമാനം.ജയിലുകളില്‍ ജാഗ്രത വർധിപ്പിക്കുന്നതിന് ഇന്റലിജൻസ് പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും, അതീവ സുരക്ഷയുള്ള തടവുകാരെ മറ്റ് സംസ്ഥാനങ്ങളിലെ ജയിലുകളിലേക്ക് മാറ്റുന്നതിനുള്ള സാധ്യതയും പരിശോധിക്കപ്പെടും. ഒരേ സ്ഥലത്ത് സ്ഥിരതപെട്ട് ജോലി ചെയ്യുന്ന ജയിൽ ജീവനക്കാരെ അഞ്ചുവർഷം പൂർത്തിയാക്കിയാൽ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനും തീരുമാനമെടുത്തു.ജയിലുകളുടെ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വീഡിയോ കോൺഫറൻസിങ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും യോഗത്തിൽ വിലയിരുത്തിയത്. തടവുകാരുടെ അടിസ്ഥാന ആവശ്യങ്ങൾ കൂടുതൽ മികവോടെ കൈകാര്യം ചെയ്യാനും തുടർന്നുള്ള നടപടി ക്രമങ്ങൾ ആരംഭിക്കാനുമാണ് തീരുമാനം.മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, ജയിൽ ഡിജിപി ബല്‍റാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് എഡിജിപി പി. വിജയൻ എന്നിവർ പങ്കെടുത്തു.