‘വിഷൻ 2031’ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്; പൊതുഗതാഗത മേഖലയിൽ വൻ പരിഷ്കാരങ്ങൾ

ഗതാഗത മേഖലയിൽ അടുത്ത വർഷങ്ങളിലായി വിപ്ലവകരമായ മാറ്റങ്ങൾ സാക്ഷിയാകുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.

തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെൻററിൽ ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങൾ അവതരിപ്പിച്ച സംസ്ഥാനതല സെമിനാറിൽ ‘വിഷൻ 2031’ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. 2031ഓടെ ഗതാഗത വകുപ്പിന്റെ പ്രവർത്തനരീതിയും സേവനനിലവാരവും പൂർണ്ണമായി നവീകരിക്കുകയാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.ഡിസംബറിൽ ആറുവരി ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ സംസ്ഥാന ഗതാഗത രംഗം വലിയ മാറ്റങ്ങൾക്ക് വേദിയാകും. പൊതുഗതാഗത സംവിധാനത്തിന്റെ നിലവാരം ഉയർത്തുന്നതിനൊപ്പം യാത്രകളുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റ് പരിശോധനയ്ക്കായി എല്ലാ ഉദ്യോഗസ്ഥർക്കും ടാബ് വിതരണം ചെയ്യും. പരീക്ഷ വിജയിക്കുന്നവർക്ക് അതേ സമയം ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന സംവിധാനം നടപ്പാക്കുന്നതോടെ ഓഫീസുകളിൽ നേരിട്ടെത്തേണ്ട സമയനഷ്ടം ഒഴിവാക്കാനാകും.റോഡപകടങ്ങൾ വർധിച്ചിട്ടും മരണനിരക്ക് കുറവ്റോഡപകടങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും മരണനിരക്ക് കുറഞ്ഞതായി മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ 278 മരണങ്ങൾ കുറഞ്ഞതായി കണക്ക് വ്യക്തമാക്കുന്നു. എറണാകുളം വൈറ്റിലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ 1.5 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. കാലത്തിനനുസരിച്ച് മാറ്റങ്ങളെ സ്വീകരിക്കുന്നതാണ് സർക്കാരിന്റെ നയം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശപ്രകാരം എയർഹോൺ നീക്കം ചെയ്യാനുള്ള ഉത്തരവ് നടപ്പാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.വകുപ്പിന്റെ നേട്ടങ്ങളും ഭാവിദർശനവുംവകുപ്പിന്റെ കഴിഞ്ഞ 10 വർഷത്തെ പ്രധാന നേട്ടങ്ങൾ സ്പെഷ്യൽ സെക്രട്ടറി പി.ബി. നൂഹ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് എബ്രഹാം, ഗതാഗത കമ്മീഷണർ നാഗരാജു ചകിലം, ജല ഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ, കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ എം.ഡി ആനി ജൂലാ തോമസ്, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ഡോ. പി.എസ്. പ്രമോജ് ശങ്കർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

സ്വര്‍ണ വിലയില്‍ വമ്ബന്‍ ട്വിസ്റ്റ്; ഉച്ചക്ക് ശേഷം വീണ്ടും മാറ്റം, ഇന്നത്തെ വിലനിലവാരം ഇങ്ങനെ

സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചു. രാവിലെയും ഉച്ചയ്ക്ക് ശേഷവും വില വര്‍ധനയായിരുന്നു രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെയോടെ പവന് 400 രൂപ ഉയര്‍ന്നപ്പോള്‍, ഉച്ചയ്ക്ക് ശേഷം കൂടി 400 രൂപ കൂടി ഉയര്‍ന്നു.ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 94,920 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,865 രൂപയായി. ഒരേ ദിവസത്തില്‍ പവന് 800 രൂപയുടെ വര്‍ധനയാണിത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവാര നിരക്കാണിത്.ഇന്നലെയും സ്വര്‍ണവിലയില്‍ വേഗത്തിലുള്ള മാറ്റങ്ങളായിരുന്നു അനുഭവപ്പെട്ടത്. രാവിലെ വില വര്‍ധിച്ച ശേഷം ഉച്ചയ്ക്ക് കുറഞ്ഞതും, വൈകിട്ട് വീണ്ടും ഉയര്‍ന്നതുമാണ് രേഖ. ഒക്ടോബര്‍ 3-നുണ്ടായിരുന്ന 86,560 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.നിക്ഷേപമായി നേരത്തെ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇപ്പോള്‍ വില വര്‍ധന ഗുണകരമാകുമ്പോള്‍, പുതിയതായി സ്വര്‍ണം വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് നിരക്ക് കുതിപ്പ് ആശങ്കയാകുന്നു. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വില, ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയാണ് സംസ്ഥാനത്തെ വിലനിര്‍ണയത്തില്‍ പ്രധാന ഘടകങ്ങള്‍.വിവാഹങ്ങളും പിറന്നാളുകള്‍ പോലുള്ള ആഘോഷങ്ങള്‍ക്കായി ആഭരണം വാങ്ങുന്നവരാണ് ഈ മാറ്റങ്ങളാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നത്. വിലയില്‍ ദിവസേന ഉണ്ടാകുന്ന ഉയര്‍ച്ച-ഇറക്കം ആഭരണ വിപണിയെയും ഉപഭോക്താക്കളെയും നേരിട്ട് ബാധിക്കുന്നു.

സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വീണ്ടും പ്രതിസന്ധിയിൽ

സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി വീണ്ടും വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വിവിധ ജില്ലകളിലെ സ്കൂളുകളിലേക്കുള്ള അരിവിതരണം പൂര്‍ണമായും നിലച്ചതോടെ പദ്ധതിയുടെ നടപ്പാക്കല്‍ താളം തെറ്റിയിരിക്കുകയാണ്.ജില്ലകളിലേക്കുള്ള വിതരണവും ഇതുവരെ പുനരാരംഭിക്കാനായിട്ടില്ലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഉച്ചഭക്ഷണ ചെലവിനുള്ള തുക ഇതുവരെ അനുവദിക്കാത്തതോടെ പ്രധാനാധ്യാപകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളപ്പെട്ടിരിക്കുന്നത്. സ്കൂളുകളില്‍ മുട്ടയും പാലും വിതരണത്തിനായി ചെലവാക്കിയ തുകയും ലഭിക്കാതെ തന്നെ പദ്ധതിയുടെ നടത്തിപ്പ് ബുദ്ധിമുട്ടിലായി.സ്കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിനുള്ള അരിവിതരണം പുനരാരംഭിക്കാനും ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലെ ചെലവുകൾ അടിയന്തിരമായി അനുവദിക്കാനും സര്‍ക്കാര്‍ ത്വരിത നടപടിയെടുക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്‌എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാർ ആവശ്യപ്പെട്ടു. നിലവിലെ നില തുടർന്നാല്‍ പദ്ധതിയുടെ സാധാരണ പ്രവാഹം തന്നെ തകരുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.

കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ച് പ്രതിസന്ധിയിൽ സർക്കാർ ഹെലികോപ്റ്റർ; പ്രതിമാസ വാടകയും കുടിശ്ശികയും തലവേദനയായി

മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ചിരുന്ന ഫണ്ടിൽ വൻ വെട്ടിക്കുറവ് വന്നതോടെ സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ പദ്ധതിയുടെ ഭാവി ഗുരുതര പ്രതിസന്ധിയിലായി. പ്രതിവർഷം 20 കോടി രൂപ ലഭിച്ചിരുന്ന ഫണ്ടിൽ 75% വെട്ടിക്കുറച്ച് 5 കോടി രൂപയ്ക്കും താഴെയാക്കിയതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.ഇതിന്റെ പ്രതിഫലമായി പ്രതിമാസം 80 ലക്ഷം രൂപയോളം വരുന്ന ഹെലികോപ്റ്റർ വാടക നൽകുന്നത് മുടങ്ങി, നിലവിൽ മൂന്നു കോടിയിലധികം രൂപയുടെ കുടിശ്ശികയും റിപ്പോർട്ടുകളുണ്ട്.സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവർത്തനം അവസാനിച്ചതായി പോലീസ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചത്.ഫെബ്രുവരിയിൽ മാവോയിസ്റ്റ് നേതാവ് സന്തോഷിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന്,വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളെ ഭീഷണിയില്ലാത്ത പ്രദേശങ്ങളായി കേന്ദ്രം.പ്രഖ്യാപിച്ചിരുന്നു. എന്നാൽ മാവോയിസ്റ്റ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കണ്ണൂർ, വയനാട് ജില്ലകളെ പട്ടികയിൽ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി അമിത് ഷായെ സമീപിച്ചു. ഇതിനെതിരെ സർക്കാരിന്റെ ഇരട്ടത്താപ്പിനെ കുറിച്ചുള്ള വിമർശനങ്ങൾ ശക്തമാണ്.ഹെലികോപ്റ്റർ വാങ്ങിയതിന്റെ ലക്ഷ്യത്തെക്കുറിച്ചും സംശയങ്ങളുണ്ട്. മാവോയിസ്റ്റ് നിരീക്ഷണത്തിനെന്ന പേരിൽ കൊണ്ടുവന്ന ഹെലികോപ്റ്റർ ഇതുവരെ യാതൊരു പ്രധാന ദൗത്യങ്ങൾക്കും ഉപയോഗിച്ചിട്ടില്ലെന്നതാണ് ആരോപണം. മറിച്ച്, ഉയർന്ന ഉദ്യോഗസ്ഥരും വി.ഐ.പി. യാത്രകളും മാത്രമാണ് പ്രധാനമായും നടന്നതെന്ന വിമർശനമാണ് ഉയരുന്നത്.മൂന്ന് വർഷത്തേക്ക് 28.8 കോടി രൂപയുടെ കരാറിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. കേന്ദ്ര ഫണ്ട് ലഭിച്ചില്ലെങ്കിലും പ്രതിമാസ വാടകയായ 80 ലക്ഷം രൂപയും ഇന്ധനം, അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം, പാർക്കിംഗ് ഫീസ് എന്നിവയും സംസ്ഥാന ഖജനാവിൽ നിന്ന് തന്നെ വഹിക്കേണ്ടിവരും. ഇതോടെ തണ്ടർബോൾട്ട് പരിശീലനം, കമ്മ്യൂണിറ്റി പോലീസിംഗ് തുടങ്ങി മറ്റു മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ ഹെലികോപ്റ്റർ വാടകയും അനുബന്ധ ചെലവുകളും സംസ്ഥാന ഖജനാവിൽ നിന്ന് നിറവേറ്റാൻ സർക്കാർ ഒരുങ്ങുന്നതായുള്ള വിമർശനങ്ങളും ശക്തമാകുന്നു. പൊതുജനങ്ങളുടെ പണമാണ് ഇത്തരം ആഡംബര പദ്ധതികൾക്ക് ഉപയോഗിക്കുന്നത് എന്നത് വലിയ ചർച്ചയായിരിക്കുകയാണ്.

ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസ്; പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി

ശബരിമല സ്വർണ്ണ കവർച്ച കേസ് അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. കേസിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT) പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി തുടർനടപടികൾക്ക് രൂപരേഖയും തയ്യാറാക്കി. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.ദ്വാരപാലക ശില്പങ്ങളും കട്ടളപ്പാളികളും ഉൾപ്പെടെയുള്ള വിലപ്പെട്ട വസ്തുക്കൾ പ്രതികൾ കൊണ്ടുപോയ വഴികളിൽ പരിശോധന നടത്തി അന്വേഷണ സംഘം പ്രധാന തെളിവുകൾ ശേഖരിച്ചു.ഇതിന്റെ ഭാഗമായി ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തി. ഇതിനെ തുടർന്ന് കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് എസ്‌ഐടി നീക്കം ആരംഭിച്ചത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തുടർന്നുണ്ടാകും.ഉണ്ണികൃഷ്ണൻ പോറ്റിയിലേക്കുള്ള നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുള്ളതോടൊപ്പം, അദ്ദേഹത്തിന്റെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യം ശബരിമലയിൽ നിന്ന് ബാംഗ്ലൂരിലേക്ക് എത്തിച്ച സ്വർണ്ണപ്പാളി ഹൈദരാബാദിലെ നാഗേഷിന്റെ വീട്ടിൽ ദിവസങ്ങളോളം സൂക്ഷിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.നാഗേഷിനെയും സ്മാർട്ട് ക്രിയേഷൻസ് സിഇഒയെയും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം പുരോഗമിക്കുന്നത്. സിഇഒയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ സ്ഥാപനവും അടുത്ത ഘട്ടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കും. ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്ന അന്വേഷണ സംഘം സ്ഥാപനത്തിലെ അധികാരികളെയും പ്രതിചേർക്കാനുള്ള സാധ്യത പരിശോധിക്കുകയാണ്. ഇതിനു ശേഷം ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പദ്ധതി.ഈ നീക്കങ്ങളിലൂടെ ശബരിമല സ്വർണ്ണ കവർച്ച കേസിൽ നിർണായക മുന്നേറ്റമാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version