തലപ്പുഴ : ചിറക്കരയിലും സമീപപ്രദേശങ്ങളിലും ഭീതിവിതയ്ക്കുന്ന കടുവയെ പിടിക്കാൻ വനംവകുപ്പ് കൂടു സ്ഥാപിച്ചു. കഴിഞ്ഞദിവസം കടുവ പശുക്കിടാവിനെ കൊന്ന സ്ഥലത്തുനിന്ന് ഏകദേശം അമ്പതു മീറ്റർ മാറിയാണ് കൂടുവെച്ചത്. ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാകേഷിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റെയ്ഞ്ചർമാരായ ടി.പി. പ്രമോദ് കുമാർ, ജയേഷ് ജോസഫ് എന്നിവരടങ്ങുന്ന വനപാലകസംഘമാണ് കൂടു സ്ഥാപിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
നോർത്ത് വയനാട് വനം ഡിവിഷൻ പരിധിയിൽ തന്നെയുള്ള കൂടാണ് ചിറക്കരയിൽ എത്തിച്ചത്. കൂട്ടിൽ ഇരയായി കഴിഞ്ഞ ദിവസം കടുവ കൊന്ന പശുക്കിടാവിന്റെ ജഡമാണ് ഇട്ടിട്ടുള്ളത്. ചിറക്കര അത്തിക്കാപറമ്പിൽ എ.പി. അബ്ദുറഹ്മാന്റെ ഏട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ രണ്ടുദിവസം മുമ്പാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം ഇവിടെ വീണ്ടുമെത്തിയ കടുവ പശുക്കിടാവിന്റെ ജഡംവലിച്ചിഴക്കുകയും അല്പഭാഗം തിന്നുകയും ചെയ്തിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആർ.ആർ.ടി. സംഘം ഉൾപ്പെടെയുള്ള വനപാലകസംഘം തിരച്ചിൽ നടത്തുന്നുണ്ട്.