ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധത്തിന് അവകാശമില്ല;ഹൈക്കോടതി

സമരം ചെയ്യുന്നവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് ആസ്ഥാനത്തും ശാഖ ഓഫിസുകളുടെയും 50 മീറ്റർ ചുറ്റളവില്‍ ധർണയടക്കം സമരങ്ങള്‍ പാടില്ലെന്ന ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

200 മീറ്റർ ചുറ്റളവില്‍ സമരം പാടില്ലെന്ന ആലുവ മുൻസിഫ് കോടതിയുടെ ഉത്തരവ് ഭേദഗതി ചെയ്ത നോർത്ത് പറവൂർ അഡീ. ജില്ല കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ മാറ്റം വരുത്തിയാണ് സിംഗിള്‍ ബെഞ്ചിന്‍റെ നടപടി. മുന്സിഫ് കോടതി ഉത്തരവ് ഭേദഗതി ചെയ്തത് ചോദ്യം ചെയ്ത് ഫെഡറല്‍ ബാങ്ക് നല്‍കിയ ഹരജിയിലാണ് കോടതി പരിഗണിച്ചത്. ഫെഡറല്‍ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ മുന്നറിയിപ്പില്ലാതെ ധർണ നടത്തിയതിനെതിരെ ബാങ്ക് നല്‍കിയ ഹരജിയിലാണ് മുൻസിഫ് കോടതി ഉത്തരവ് ഉണ്ടായത്. ബാങ്കിലേക്ക് ജീവനക്കാരും ഇടപാടുകാരും വരുന്നതും പോകുന്നതും തടയരുതെന്നും നാശനഷ്ടമുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യരുതെന്നും മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നു. ആസ്ഥാന മന്ദിരം, ട്രെയിനിങ് സെന്‍റർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് എന്നിവയുടെയും ശാഖകളുടെയും 200 മീറ്റർ ചുറ്റളവില്‍ യോഗമോ ധർണയോ പ്രകടനമോ നടത്തുന്നതും പോസ്റ്ററുകളോ ബാനറുകളോ സ്ഥാപിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും സമരപ്പന്തല്‍ സ്ഥാപിക്കുന്നതും മുൻസിഫ് കോടതി തടഞ്ഞിരുന്നു. ഇതിനെതിരെ നൽകിയ അപ്പീല്‍ ഹരജി പരിഗണിച്ച പറവൂർ അഡീ. ജില്ല കോടതി മുൻസിഫ് കോടതി ഉത്തരവിന്‍റെ ആദ്യഭാഗം നിലനിർത്തി, 200 മീറ്റർ ചുറ്റളവില്‍ സമരം പാടില്ലെന്ന ഉത്തരവ്, സമാധാനപരമായ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന വിധം പ്രതിഷേധ പരിപാടികള്‍ പാടില്ലെന്ന രീതിയിൽ ഭേദഗതി ചെയ്തു. ഈ ഉത്തരവിനെതിരെയാണ് ഫെഡറല്‍ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചത്. ജോലിസ്ഥലത്ത് പ്രതിഷേധിക്കാനും സമാധാനപരമായി പ്രകടനം നടത്താനും ഇന്ത്യൻ ഭരണഘടനയുടെ 19ാം അനുഛേദം തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്നുണ്ടെങ്കിലും, ബാങ്ക് ഉടമകളുടെ അവകാശത്തിലേക്ക് കടന്നുകയറുന്ന സമരരീതി അനുവദനീയമല്ലെന്ന ഹരജിക്കാരുടെ വാദം കോടതി ശരിവെച്ചു. ഇടപാടുകാരുടെ വിശ്വാസത്തിലും ആത്മവിശ്വാസത്തിലും അധിഷ്ഠിതമാണ് ബാങ്കിങ് ബിസിനസ്. സമാധാനപരമായ സമരംപോലും ഇടപാടുകാരെ ഭയപ്പെടുത്താനും ആശങ്കപ്പെടുത്താനും ഇടയാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് സമരങ്ങള്‍ 50 മീറ്റർ ചുറ്റളവിനകത്ത് പാടില്ലെന്ന് വിധത്തിൽ കോടതി ഉത്തരവില്‍ ഭേദഗതി വരുത്തിയത്. സംഘം ചേരാനും പ്രതിഷേധിക്കാനുള്ള ജീവനക്കാരുടെ അവകാശം ഇതിലൂടെ ഹനിക്കപ്പെടുന്നില്ലെന്നും കോടതി വിലയിരുത്തി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version