വയനാട് ദുരന്തബാധിതർക്കായി ആശ്വാസം; സര്‍ക്കാര്‍ ജോലിയും പുനരധിവാസ പദ്ധതികളും പ്രഖ്യാപിച്ചു

വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് ഇരു മാതാപിതാക്കളെയും നഷ്ടപ്പെട്ട 6 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നൽകുന്നതിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വനിതാ ശിശുവികസന വകുപ്പാണ് ഇത് നൽകുക.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

മേപ്പാടി ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ള മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുവാനാണ് മന്ത്രിസഭായോഗം കണ്ടിട്ടുള്ളത്.ടൗൺഷിപ്പ് നിർമ്മിക്കുവാൻ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ള ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ അഡ്വക്കേറ്റ് ജനറലിൻ്റെ അടക്കം വിദഗ്ധോപദേശം തേടിയിരുന്നു. വേഗം തന്നെ സ്ഥലം കിട്ടുക എന്നത് വളരെ പ്രധാനമാണ്. അതിൻ്റെയൊക്കെ ഭാഗമായി ഇപ്പോൾ കണ്ടിട്ടുള്ളത്, ദുരന്ത നിവാരണ നിയമം 2005 പ്രകാരം പൊസഷൻ ഏറ്റെടുക്കുന്നതിനാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. അങ്ങനയാകുമ്പോൾ സ്ഥലം ലഭ്യമാകുന്നതിന് വലിയ കാലതാമസം ഉണ്ടാവുകയില്ല.ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റ് കുടുംബങ്ങളെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും.പുനരധിവാസ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക വയനാട് ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് വിശദമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ റവന്യൂ വകുപ്പിനെ ചുമതലപെടുത്തി.വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകും.ഇതോടൊപ്പം ഷിരൂരിൽ മണ്ണിടിച്ചലിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശി അർജുൻ്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.വയനാട് ദുരന്തത്തിൽ സംസ്ഥാനത്തിന് വന്ന നഷ്ടങ്ങൾ വളരെ വലുതാണ്. ഇക്കാര്യത്തിൽ ഫലപ്രദമായ സഹായം കേന്ദ്ര സർക്കാരിൽ നിന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഇതുവരെ അത്തരമൊരു സഹായം നൽകുന്ന നില ഉണ്ടായിട്ടില്ല. ഈ വർഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതം കൂടാതെ 219.2 കോടി രൂപ ആണ് അടിയന്തിര ദുരിതാശ്വാസ സഹായം ആയി അഭ്യർത്ഥിച്ചത്. ഈ വർഷം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ ലഭിക്കേണ്ട കേന്ദ്ര വിഹിതം ആയ 291.2 കോടി രൂപയുടെ ആദ്യ ഗഡു ആയ 145.6 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഗഡു ആയ 145.6 കോടി രൂപ അഡ്വാൻസ് ആയി ഇപ്പോൾ അനുവദിച്ചതായാണ് ഒക്ടോബർ ഒന്നിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വാർത്താകുറിപ്പിൽ നിന്നും മനസിലാക്കുന്നത്. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. ദുരന്തത്തിൻ്റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക ധനസഹായം അല്ല. വയനാട് ദുരന്ത ഘട്ടത്തിലും തുടർന്നും സംസ്ഥാനത്തിന് സഹായം നൽകാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ പ്രത്യേക സഹായം ഇതുവരെ ലഭ്യമായിട്ടില്ല. അർഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിൻറെ ശ്രദ്ധയിൽപ്പെടുത്താനും മന്ത്രി സഭായോഗം തീരുമാനിച്ചു,

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version