കേരളത്തിൽ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർത്ഥിനികൾക്കായി ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധ വാക്‌സിനായ എച്ച്‌പിവി വാക്‌സിന്‍ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേഷന്‍ സംബന്ധിച്ച അന്തിമ തീരുമാനം ഒരു ആഴ്ചയ്ക്കുള്ളിൽ യോഗം ചേർന്നുള്ള ടെക്‌നിക്കല്‍ കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശത്തിന് പിന്നാലെയാകും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസറുകളിൽ ഒന്നാണ് ഗര്‍ഭാശയഗള കാന്‍സര്‍. 9 മുതല്‍ 14 വയസ്സ് വരെയാണ് എച്ച്‌പിവി വാക്‌സിന്‍ ഏറ്റവും ഫലപ്രദം, എങ്കിലും 26 വയസ്സ് വരെ ഇത് നല്‍കാം. ഈ കാൻസർ പ്രതിരോധിക്കാവുന്ന ഒന്നായതിനാലാണ് സംസ്ഥാന സർക്കാർ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരിച്ചു ഈ തീരുമാനമെടുത്തത്.’ഗര്‍ഭാശയഗള കാന്‍സര്‍ മുക്ത കേരളം’ എന്ന ലക്ഷ്യത്തോടെ വിവിധ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്കൂൾ തലത്തിൽ കുട്ടികൾക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ആവശ്യമായ അവബോധ ക്ലാസുകളും ക്യാംപെയ്‌നുകളും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം അവബോധ സന്ദേശങ്ങളും തയ്യാറാക്കും.കാന്‍സര്‍ രോഗത്തെ നേരിടാനായി ആരോഗ്യമേഖലയില്‍ സംസ്ഥാനം ശക്തമായ നീക്കമാണ് സ്വീകരിച്ചിട്ടുള്ളത്. കാന്‍സര്‍ കെയര്‍ ഗ്രിഡ് വഴി പരിശോധനയും ചികിത്സയും ഏകോപിപ്പിച്ചിരിക്കുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതിനോടൊപ്പം ‘ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം’ എന്ന പേരില്‍ ജനകീയ ക്യാംപയിന്‍ ആരംഭിച്ചുവെന്നും ഇതില്‍ 17 ലക്ഷത്തിലധികം പേര്‍ സ്‌ക്രീനിങ്ങ് നടത്തിയതായും മന്ത്രി അറിയിച്ചു.സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും വിവിധ ഡയറക്ടര്‍മാരും ഈ വിഷയവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്തു.