ജില്ലാ സ്കൂൾ കായികമേള രണ്ടാം ദിനത്തിലും ആവേശകരമായി മുന്നേറുന്നു. കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ 75 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടർന്നിരിക്കുകയാണ്. 67 പോയിന്റോടെ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമത്. ഉപജില്ലാതലത്തിൽ സുൽത്താൻ ബത്തേരി ശക്തമായ മുന്നേറ്റം കാട്ടി മാനന്തവാടിയെ പിന്തള്ളിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.24 സ്വർണം, 21 വെള്ളി, 20 വെങ്കലം നേടി 229 പോയിന്റ് സ്വന്തമാക്കിയതാണ് സുൽത്താൻ ബത്തേരിയുടെ മുന്നേറ്റത്തിന് പിന്നിൽ. മാനന്തവാടി ഉപജില്ല 187 പോയിന്റുമായി രണ്ടാമത്.
വൈത്തിരി ഉപജില്ല 119 പോയിന്റ് നേടി മൂന്നാം സ്ഥാനത്താണ്. മേളയുടെ അവസാന ദിനമായ ഇന്ന് മുന്നേറ്റം തുടർന്നാൽ സുൽത്താൻ ബത്തേരി കിരീടം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ്.ആനപ്പാറ ജിഎച്ച്‌എസ്‌എസ് 43 പോയിന്റോടെ മൂന്നാം സ്ഥാനത്ത്. കല്‍പ്പറ്റ ജിഎംആർഎസ് (32), കാക്കവയല്‍ ജിഎച്ച്‌എസ്‌എസ് (29), നടവയല്‍ സെന്‍റ് തോമസ് എച്ച്‌എസ് (25) തുടങ്ങി നിരവധി സ്കൂളുകൾ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചു. 200 മീറ്റർ, 800 മീറ്റർ, 400 മീറ്റർ ഹർഡിൽസ്, റിലേ തുടങ്ങിയ പ്രധാന മത്സരങ്ങൾ ഇന്നാണ് നടക്കുന്നത്. ടി. സിദ്ധിഖ് എം.എൽ.എയുടെ സാന്നിധ്യത്തിൽ മേള വൈകുന്നേരം സമാപിക്കും.കായികാധ്യാപകരുടെ പ്രതിഷേധംകല്‍പ്പറ്റ സ്റ്റേഡിയത്തിൽ കായികമേളയുടെ ഉദ്ഘാടനത്തിന് പിന്നാലെ കായികാധ്യാപകർ സംസ്ഥാന സംയുക്ത കായിക അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. 65 വർഷം പഴക്കമുള്ള അധ്യാപക തസ്തിക നിർണയ മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഇപ്പോഴുള്ള മാനദണ്ഡപ്രകാരം 500 വിദ്യാർത്ഥികൾക്ക് മാത്രമേ ഒരു കായിക അധ്യാപകന്റെ തസ്തിക അനുവദിക്കുകയുള്ളു. ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു നടന്നത്. ജില്ലാ പ്രസിഡന്റ് വി. റഫീഖ്, ട്രഷറർ അതുല്‍ ഹരിദാസ്, സംസ്ഥാന നോമിനി പ്രശോഭ് എന്നിവർ നേതൃത്വം നൽകി.മഴ മത്സരങ്ങൾ തടസപ്പെടുത്തിരണ്ടാം ദിനം ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴ മത്സരങ്ങളെ താൽക്കാലികമായി തടസപ്പെടുത്തി. അരമണിക്കൂർ മത്സരങ്ങൾ നിർത്തിവച്ച ശേഷം പുനരാരംഭിച്ചെങ്കിലും ഇടവിട്ട് പെയ്ത മഴയെ തുടർന്ന് വീണ്ടും മത്സങ്ങൾ നിർത്തേണ്ടി വന്നു. സീനിയർ-ജൂനിയർ ബോയ്സ് ഡിസ്ക്കസ് ത്രോ, പോൾ വോൾട്ട്, ഷോട്ട്പുട്ട് തുടങ്ങിയ മത്സങ്ങൾ നാളെ രാവിലെ നടക്കും.
ഹരിശ്രീയുടെ അതുല്യ മനോബലം
1500 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹരിശ്രീയ്ക്ക് 3000 മീറ്ററിൽ കാലിന് പരിക്ക് പറ്റിയെങ്കിലും വേദനയെ അവഗണിച്ച് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കഴിഞ്ഞു. നട്ടെല്ല് തകർന്ന അച്ഛനുവേണ്ടി ഓടിയതാണെന്ന് ഹരിശ്രീ പറഞ്ഞത് ഹൃദയസ്പർശിയായ നിമിഷമായിരുന്നു.
ആൽവിൻ സജിയുടെ സ്വർണ നേട്ടം
ജാവലിൻ ത്രോയിൽ ആൽവിൻ സജി ഇത്തവണയും സ്വർണം നേടി. കഴിഞ്ഞ വർഷം സംസ്ഥാന കായികമേളയിൽ 53 മീറ്റർ എറിഞ്ഞ് സ്വർണം നേടിയ ആൽവിൻ, ഇത്തവണ ജില്ലാ മീറ്റിൽ 46 മീറ്റർ എറിഞ്ഞാണ് സ്വർണം സ്വന്തമാക്കിയത്. 110 മീറ്റർ ഹർഡിൽസിലും ആൽവിൻ ഒന്നാം സ്ഥാനത്തെത്തി. മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ആൽവിൻ. പരിശീലകൻ കെ.വി. സജിയാണ്.
സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വീണ്ടും പ്രതിസന്ധിയിൽ
സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി വീണ്ടും വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വിവിധ ജില്ലകളിലെ സ്കൂളുകളിലേക്കുള്ള അരിവിതരണം പൂര്‍ണമായും നിലച്ചതോടെ പദ്ധതിയുടെ നടപ്പാക്കല്‍ താളം തെറ്റിയിരിക്കുകയാണ്.ജില്ലകളിലേക്കുള്ള വിതരണവും ഇതുവരെ പുനരാരംഭിക്കാനായിട്ടില്ലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഉച്ചഭക്ഷണ ചെലവിനുള്ള തുക ഇതുവരെ അനുവദിക്കാത്തതോടെ പ്രധാനാധ്യാപകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളപ്പെട്ടിരിക്കുന്നത്. സ്കൂളുകളില്‍ മുട്ടയും പാലും വിതരണത്തിനായി ചെലവാക്കിയ തുകയും ലഭിക്കാതെ തന്നെ പദ്ധതിയുടെ നടത്തിപ്പ് ബുദ്ധിമുട്ടിലായി.സ്കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിനുള്ള അരിവിതരണം പുനരാരംഭിക്കാനും ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലെ ചെലവുകൾ അടിയന്തിരമായി അനുവദിക്കാനും സര്‍ക്കാര്‍ ത്വരിത നടപടിയെടുക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്‌എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാർ ആവശ്യപ്പെട്ടു. നിലവിലെ നില തുടർന്നാല്‍ പദ്ധതിയുടെ സാധാരണ പ്രവാഹം തന്നെ തകരുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.
കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ച് പ്രതിസന്ധിയിൽ സർക്കാർ ഹെലികോപ്റ്റർ; പ്രതിമാസ വാടകയും കുടിശ്ശികയും തലവേദനയായി
മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ചിരുന്ന ഫണ്ടിൽ വൻ വെട്ടിക്കുറവ് വന്നതോടെ സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ പദ്ധതിയുടെ ഭാവി ഗുരുതര പ്രതിസന്ധിയിലായി. പ്രതിവർഷം 20 കോടി രൂപ ലഭിച്ചിരുന്ന ഫണ്ടിൽ 75% വെട്ടിക്കുറച്ച് 5 കോടി രൂപയ്ക്കും താഴെയാക്കിയതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.ഇതിന്റെ പ്രതിഫലമായി പ്രതിമാസം 80 ലക്ഷം രൂപയോളം വരുന്ന ഹെലികോപ്റ്റർ വാടക നൽകുന്നത് മുടങ്ങി, നിലവിൽ മൂന്നു കോടിയിലധികം രൂപയുടെ കുടിശ്ശികയും റിപ്പോർട്ടുകളുണ്ട്.സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവർത്തനം അവസാനിച്ചതായി പോലീസ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചത്.ഫെബ്രുവരിയിൽ മാവോയിസ്റ്റ് നേതാവ് സന്തോഷിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന്,വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളെ ഭീഷണിയില്ലാത്ത പ്രദേശങ്ങളായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മാവോയിസ്റ്റ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കണ്ണൂർ, വയനാട് ജില്ലകളെ പട്ടികയിൽ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി അമിത് ഷായെ സമീപിച്ചു. ഇതിനെതിരെ സർക്കാരിന്റെ ഇരട്ടത്താപ്പിനെ കുറിച്ചുള്ള വിമർശനങ്ങൾ ശക്തമാണ്.ഹെലികോപ്റ്റർ വാങ്ങിയതിന്റെ ലക്ഷ്യത്തെക്കുറിച്ചും സംശയങ്ങളുണ്ട്. മാവോയിസ്റ്റ് നിരീക്ഷണത്തിനെന്ന പേരിൽ കൊണ്ടുവന്ന ഹെലികോപ്റ്റർ ഇതുവരെ യാതൊരു പ്രധാന ദൗത്യങ്ങൾക്കും ഉപയോഗിച്ചിട്ടില്ലെന്നതാണ് ആരോപണം. മറിച്ച്, ഉയർന്ന ഉദ്യോഗസ്ഥരും വി.ഐ.പി. യാത്രകളും മാത്രമാണ് പ്രധാനമായും നടന്നതെന്ന വിമർശനമാണ് ഉയരുന്നത്.മൂന്ന് വർഷത്തേക്ക് 28.8 കോടി രൂപയുടെ കരാറിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. കേന്ദ്ര ഫണ്ട് ലഭിച്ചില്ലെങ്കിലും പ്രതിമാസ വാടകയായ 80 ലക്ഷം രൂപയും ഇന്ധനം, അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം, പാർക്കിംഗ് ഫീസ് എന്നിവയും സംസ്ഥാന ഖജനാവിൽ നിന്ന് തന്നെ വഹിക്കേണ്ടിവരും. ഇതോടെ തണ്ടർബോൾട്ട് പരിശീലനം, കമ്മ്യൂണിറ്റി പോലീസിംഗ് തുടങ്ങി മറ്റു മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ ഹെലികോപ്റ്റർ വാടകയും അനുബന്ധ ചെലവുകളും സംസ്ഥാന ഖജനാവിൽ നിന്ന് നിറവേറ്റാൻ സർക്കാർ ഒരുങ്ങുന്നതായുള്ള വിമർശനങ്ങളും ശക്തമാകുന്നു. പൊതുജനങ്ങളുടെ പണമാണ് ഇത്തരം ആഡംബര പദ്ധതികൾക്ക് ഉപയോഗിക്കുന്നത് എന്നത് വലിയ ചർച്ചയായിരിക്കുകയാണ്.