ജില്ലയിൽ വീണ്ടും മഴ ശക്തമായി. ഇന്നലെ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയാണു പെയ്തത്. കഴിഞ്ഞ 2 ദിവസമായി തുടരുന്ന കനത്ത മഴയോടൊപ്പം വെള്ളിയാഴ്ച വൈകിട്ടോടെ കാറ്റും ശക്തമായി. പലയിടങ്ങളിലും മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ടായി. വൈദ്യുതിക്കാലുകൾക്കു മുകളിൽ മരങ്ങൾ വീണ് വൈദ്യുതി വിതരണം താറുമാറായി. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുണ്ടക്കൈ–ചൂരൽമല ദുരന്തപ്രദേശത്ത് നോ ഗോ സോൺ മേഖലയിലേക്കുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചതായി കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു. മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട് പഞ്ചായത്തുകളിലെ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനം ജില്ലാ ഭരണകൂടം നിരോധിച്ചു. കനത്ത മഴ വരുംദിവസങ്ങളിലും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
നടവയൽ∙ കാറ്റിലും മഴയിലും മരം റോഡിനു കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ രാത്രി നടവയൽ – പുൽപള്ളി റോഡിൽ നെയ്ക്കുപ്പ വനത്തിലാണ് റോഡിന് കുറുകെ കൂറ്റൻ മരം കടപുഴകി വീണത്. ഈ സമയത്തു റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്നു രാവിലെ 7 മണിയോടെ വനപാലകരെത്തിയാണു മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. പുലർച്ചെ പുൽപള്ളിയിൽ നിന്ന് വരുന്നതും പുൽപള്ളി ഭാഗത്തേക്ക് പോകുന്നതുമായ പത്തനംതിട്ട – പാടിച്ചിറ കെഎസ്ആർടിസി ബസ് അടക്കം ഒട്ടേറെ വാഹനങ്ങൾ മണിക്കൂറുകളോളം വനത്തിൽ കുടുങ്ങി. രണ്ടുമാസം മുൻപും ഇതിനു സമീപത്തായി മറ്റൊരു മരവും കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. അന്ന് അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചു നിക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ശക്തമായ കാറ്റിൽ നെയ്ക്കുപ്പ കയറ്റത്തിൽ സൊസൈറ്റിക്ക് സമീപത്തും വൈദ്യുത ലൈനിന് മുകളിലേക്കും മരം കടപുഴകി വീണു.
